പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് വിമാനത്താവളം അടച്ചു. വിമാനത്താവളം താല്‍ക്കാലികമായി അടച്ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇറാന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. എമിറേറ്റ് വിമാനസര്‍വീസുകള്‍ റദ്ദാക്കി. ദുബായ് വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പോകരുതെന്നും എമിറേറ്റ്സ് നിര്‍ദേശിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍കരുതല്‍.
മറ്റൊരു ദിവസത്തേക്കോ വിമാനത്തിലേക്കോ യാത്ര മാറ്റുകയോ റീഫണ്ട് ആവശ്യപ്പെടുകയോ ചെയ്യാമെന്നും എമിറേറ്റ്സ് അറിയിക്കുന്നു. ദുബായിലെ എല്ലാ ചെക് ഇന്‍ കേന്ദ്രങ്ങളും അടച്ചു. ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയാണ് ദുബായ് വിമാനത്താവളത്തിനുനേരെ ഇറാന്റെ ആക്രമണ ശ്രമമുണ്ടായത്. എല്ലാ ആക്രമണശ്രമങ്ങളും തടഞ്ഞെന്ന് യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഇറാനിൽ കുടുങ്ങിയ 9,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. വ്യോമ പാത അടിച്ചിരിക്കുന്നതിനാല്‍ അർമേനിയ, തുർക്ക്മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് പദ്ധതി. ടെഹ്റാന്‍, ഖോം എന്നീ രണ്ട് ഇറാനിയൻ നഗരങ്ങളിലാണ് ഇവർ കഴിയുന്നത്. ടെഹ്റാനിലെ ഇന്ത്യന്‍ എബസി , ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ജമ്മു കശ്മീര്‍, യു.പി സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഏറെയും. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും എംബസി കർശന നിർദേശം നല്‍കി.