Image Credit: X/@idfonline
ഇറാന്‍റെ ഹെലികോപ്റ്റര്‍ എന്ന ധാരണയില്‍ ഇസ്രയേലി മിസൈല്‍ വന്നു പതിച്ചത് ഹെലികോപ്റ്ററിന്‍റെ പെയിന്‍റിങില്‍? ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പുറത്തുവിട്ട പുതിയ ആക്രമണ വിഡിയോയ്ക്ക് പിന്നാലെയാണ് ഇസ്രയേലിന്‍റെ അമളിയെ പറ്റി സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്. ഇറാന്‍റെ Mi-17 ഹെലികോപ്റ്ററുകളെ തകര്‍ക്കുന്ന വിഡിയോ എന്ന അവകാശവാദത്തോടെയാണ് ഐഡിഎഫിന്‍റെ എക്സ് പോസ്റ്റ്. എന്നാല്‍ ദൃശ്യങ്ങളിലേത് യഥാര്‍ഥ ഹെലികോപ്റ്ററല്ലെന്നാണ് എക്സ് യൂസേഴ്സിന്‍റെ കണ്ടെത്തല്‍.
''ഹെലികോപ്റ്റര്‍ ഒറിജിനലാണെങ്കില്‍ ബോംബിട്ടതിന് ശേഷവും അതിന്‍റെ ചിറകുകള്‍ക്ക് മാറ്റമില്ലാതിരിക്കുന്നത് എന്നത് എങ്ങനെ, നിങ്ങള്‍ ഒരു പെയിന്‍റിങിനാണ് ബോംബിട്ടിരിക്കുന്നത് '' എന്നാണ് ഒരു കമന്റ്. പെയിന്‍റിങുകളിലൂടെ ഇസ്രയേല്‍ സേനയെ ഇറാന്‍ കബളിപ്പിച്ചു എന്ന് ഇറാനിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഡിയോ ഇപ്പോഴും ഐഡിഎഫിന്‍റെ എക്സ് ഹാന്‍ഡിലില്‍ ഉണ്ട്. അതേസമയം, പുകയുടെ ചലനത്തെ അടിസ്ഥാനമാക്കി യഥാര്‍ഥ ഹെലികോപ്റ്ററിനെയാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു.
ഹെലികോപ്റ്ററുകള്‍ തറയില്‍ ഇരിക്കുമ്പോള്‍ സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ അതിന്‍റെ ചിറകുകള്‍ക്ക് ചലനം സംഭവിക്കേണ്ടതാണ്. വിഡിയോയിലെ ഹെലികോപ്റ്റര്‍ സ്ഫോടനത്തിന് ശേഷവും ചിറകുകള്‍ ഒരിഞ്ചു പോലും മാറാതെ പഴതുപോലെ ഇരിക്കുന്നു. മുകളില്‍ നിന്നും നോക്കുമ്പോള്‍ ഹെലികോപ്റ്ററാണെന്ന് തോന്നിക്കുന്ന ത്രിമാന ചിത്രമാണിത് എന്നാണ് എക്സിലെ നിരീക്ഷണം.
ഐഡിഎഫ് പുറത്തുവിട്ട വിഡിയോയില്‍ മിസൈല്‍ വന്നു പതിച്ച ഭാഗത്ത് ഒഴികെ ഹെലികോപ്റ്ററിന്‍റെ രൂപത്തിന് കേടുപാടുകളൊന്നും സംഭവിക്കുന്നില്ല. യഥാര്‍ഥ ഹെലികോപ്റ്ററായിരുന്നെങ്കില്‍ സ്ഫോടനത്തില്‍ ബാക്കി ഭാഗങ്ങളും തകര്‍ന്നേനെ. ഇതൊക്കെയാണ് ഇസ്രയേല്‍ സേനയ്ക്ക് അമളി പറ്റിയെന്ന് വാദിക്കുന്നവര്‍ പറയുന്നത്. ഇസ്രയേലിന്‍റെ മിസൈലിന് മൂന്ന് ദശലക്ഷം ഡോളറെങ്കിലും ചെലവ് വരും. എന്നാല്‍ പെയിന്‍റിങ് തയ്യാറാക്കാന്‍ നിസാര ഡോളര്‍ മാത്രമെ ചെലവ് വരുന്നുള്ളൂ.
അതേസമയം യു.എസ്– ഇസ്രയേല്‍ സംയുക്ത സേന ഇറാനില്‍ ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ വലിയ ആക്രമണം നടത്തി. ശനിയാഴ്ച മുതല്‍ ഇറാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 1332 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റെഡ് ക്രെസന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.