ബ്ലൂ സ്പാരോയുടേതായി ഇറാഖില്‍ പതിച്ച അവശിഷ്ടം (AFP), ഖമനയി (വലത്, Reuters)

അമേരിക്കയുമായി ആണവ കരാര്‍ സാധ്യമെന്ന് ഇറാനും ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ഒമാനും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സമാധാനശ്രമങ്ങളെയും ലോകത്തെയും ഞെട്ടിച്ച് ഇറാനെ അമേരിക്ക ആക്രമിച്ചത്. ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയും ഇറാനിലെ ഉന്നതരും കൊല്ലപ്പെട്ടു. ഇസ്രയേല്‍ അധികൃതര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ സംയുക്ത ആക്രമണമായിരുന്നുവത്. വര്‍ഷങ്ങളായി നീണ്ട നിരീക്ഷണത്തിന്‍റെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ സൈനിക ഓപ്പറേഷന്‍. 

ബ്ലൂ സ്പാരോയെന്ന മിസൈലാണ് ഖമനയിയെ വകവരുത്താന്‍ ഇസ്രയേല്‍ ഉപയോഗിച്ചത്. മധ്യപൂര്‍വ ദേശത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയാണ് ആ 'നീലക്കുരുവി' തിരികെ ഭൂമി തൊട്ടതെന്നതാണ് യാഥാര്‍ഥ്യം. 

ബ്ലൂ സ്പാരോയെ അറിയാം

1995 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ബ്ലൂ സ്പാരോ ഇസ്രയേല്‍ നിര്‍മിതമാണ്. ക്വാസി ബാലിസ്റ്റിക് സഞ്ചാരപഥമാണ് മിസൈല്‍ പിന്തുടരുന്നത്. വിക്ഷേപണത്തിന് പിന്നാലെ അതിവേഗത്തില്‍ മിസൈല്‍ ഭൂമിയുടെ ഉപരിതലം കടന്ന് ബഹിരാകാശത്തെത്തും പിന്നീടാണ് തിരികെ പ്രവേശിച്ച് ലക്ഷ്യത്തില്‍ പതിക്കുക.  ഇത്തരത്തില്‍ ഭൂമിയില്‍ നിന്ന് പുറത്ത് കടക്കാനും തിരികെ പ്രവേശിക്കാനും കഴിയുന്നതിനാല്‍ വ്യോമപ്രതിരോധത്തെ കബളിപ്പിക്കാനും സാധിക്കും. കുത്തനെയുള്ള സഞ്ചാരപഥവും ലക്ഷ്യത്തില്‍ പതിക്കുന്നതില്‍ നിര്‍ണായകമാണ്.

മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ ഇറാഖില്‍ നിന്നാണ് കണ്ടെത്തിയത്. ചാരനിറത്തില്‍ നീണ്ട,വര്‍ത്തുളമായ ഭാഗങ്ങളാണ് കണ്ടുകിട്ടിയത്. മരുഭൂമിയില്‍ ചിതറിത്തെറിച്ച നിലയിലാണ് ഇവ കണ്ടെത്തിയതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്‍റെ മിസൈല്‍ ശേഖരത്തില്‍ ബ്ലാക്ക് സ്പാരോയ്ക്കും സില്‍വര്‍ സ്പാരോയ്ക്കുമൊപ്പമാണ് ബ്ലൂ സ്പാരോയും. 1991 ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തില്‍ ബ്ലാക് സ്പാരോയും സില്‍വര്‍ സ്പാരോയും ഉപയോഗിച്ചിരുന്നു. 

6.5 മീറ്റര്‍ നീളവും 1.9 ടണ്‍ ഭാരവുമാണ് മിസൈലിനുള്ളത്. സാധാരണയായി എഫ്–15 യുദ്ധവിമാനങ്ങളില്‍ നിന്നാണ് മിസൈല്‍ തൊടുക്കുക. വേഗതയും സഞ്ചാരപഥവും ലക്ഷ്യം ഭേദിക്കുന്നതില്‍ ഫലപ്രദമാണെന്നാണ് കണക്കാക്കുന്നത്. 

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനുമൊടുവിലാണ് ആയത്തുല്ല ഖമനയിയെ യുഎസ്–ഇസ്രയേല്‍ സഖ്യം വധിച്ചിരിക്കുന്നത്. ഖമനയിയുടെ അംഗരക്ഷകരുടെ പോക്കുവരവുകളും ആശയവിനിമയങ്ങളും വരെ നിരന്തരം ചോര്‍ത്തി. ഒടുവില്‍ ഖമനയിയുടെ ഓഫിസ് സമുച്ചയത്തിലെ ക്യാമറകളും ചോര്‍ത്തി. ഒടുവിലാണ് ഖമനയിയെ വധിച്ചതും. 

ENGLISH SUMMARY:

The joint US-Israel military operation 'Epic Fury' successfully targeted Iranian Supreme Leader Ayatollah Ali Khamenei using the advanced 'Blue Sparrow' missile on March 1, 2026. This quasi-ballistic missile, launched from an F-15 fighter jet, traveled nearly 2000 km, exiting and re-entering the atmosphere to bypass Iran’s air defense systems. Debris of the 6.5-meter-long missile was later discovered in Western Iraq. The assassination followed two decades of intense intelligence gathering, including the hacking of Khamenei’s office security cameras and his bodyguards' communications. While Iran and Oman were discussing a nuclear deal, this strike has permanently altered the geopolitical landscape of the Middle East