ഇറാനെ ആക്രമിക്കാന്‍ സൗദി അറേബ്യ ട്രംപിനെ പ്രേരിപ്പിച്ചോ? ‘അതെ’ എന്നാണ് അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കഴിഞ്ഞമാസം പലതവണ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്‍റെ ആരോപണം. സ്വകാര്യഫോണ്‍ കോളുകളാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്വതന്ത്രമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

ഇറാനെ ആക്രമിക്കാന്‍ സൗദിയുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി രാജകുമാരന്‍ ജനുവരിയില്‍ പരസ്യനിലപാടെടുത്തതാണ്. ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കുന്നുവെന്നും ഇറാന്‍–അമേരിക്ക തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ വാഷിങ്ടണെയും ടെഹ്റാനെയും പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് ആണവചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതും ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതും. ഇതോടെ സൗദിയടക്കം അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ഇറാന്‍ ലക്ഷ്യം വച്ചു. 

അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതിന് പിന്നാലെ യുഎഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ റിയാദ് എന്നിവിടങ്ങളിലും ബഹ്റിന്‍, കുവൈത്ത്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളിലാണ് ഇറാൻ തിരിച്ചടിച്ചത്. ‘ഇറാന്‍റേത് നഗ്നവും ഭീരുത്വം നിറഞ്ഞതുമായ ആക്രമണം’ എന്നായിരുന്നു സൗദി വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രതികരണം. ഇറാനെ ആക്രമിക്കാന്‍ സൗദി വ്യോമാതിര്‍ത്തി വിട്ടുനല്‍കില്ലെന്ന് ഇറാന്‍ ഭരണകൂടത്തിന് അറിവുണ്ടായിരുന്നിട്ടും സൗദിയെ ആക്രമിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു. 

ഇറാന്‍റെ ആക്രമണത്തിനുശേഷം യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ-നഹ്യാൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ-ഖലീഫ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി, കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ്, ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവ് എന്നിവരുമായി സൗദി കിരീടാവകാശി സംസാരിച്ചതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന ഇറാന്‍റെ ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനായി രാജ്യത്തിന്‍റെ എല്ലാ വിഭവങ്ങളും സമാഹരിക്കാനുള്ള സന്നദ്ധത സൗദി അറിയിച്ചതായാണ് വിവരം.

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്‍റെ തീവ്രമായ ആക്രമണ ഭീഷണി

ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനി കൊല്ലപ്പെട്ടതോടെ ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ ഭാവിയെക്കുറിച്ചും പ്രാദേശിക അസ്ഥിരതയെക്കുറിച്ചും ആശങ്ക വര്‍ധിച്ചു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും സർക്കാർ നടത്തുന്ന ഐആർഎൻഎ ന്യൂസും ഞായറാഴ്ച പുലര്‍ച്ചെയാണ് ഖമയനിയുടെ മരണം സ്ഥിരീകരിച്ചത്. ഇറാന്‍ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാന്‍ അവസരം നല്‍കി എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇസ്രായേലിനെയും യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ഇന്നോളം കണ്ടിട്ടില്ലാത്തത്ര തീവ്രമായ ആക്രമണം നടത്തുമെന്ന് ഇറാന്‍ സൈനികനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ആണവ ചർച്ചകൾക്കിടെ ട്രംപ് ഭരണകൂടം 8 മാസത്തിനിടെ രണ്ടാംതവണയാണ് ഇറാനെ ആക്രമിച്ചത്.

Saudi Crown Prince Allegedly Influenced Trump on Iran Strikes; U.S. Media Reveals Private Calls:

According to a report by The Washington Post, Saudi Crown Prince Mohammed bin Salman allegedly held several private discussions with U.S. President Donald Trump regarding potential military action against Iran. These claims come despite the Crown Prince's previous public stance against using Saudi airspace for attacks, prioritizing diplomatic resolutions instead. The regional situation has turned critical following a joint U.S.-Israel strike that reportedly resulted in the death of Iran's Supreme Leader Ayatollah Ali Khamenei, triggering Iranian retaliatory strikes across various Gulf nations. In response, Saudi Arabia has condemned Iran's "cowardly" attacks and is mobilizing regional allies to safeguard stability and security