പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍. ഖത്തറിലെ പതിനൊന്നിടത്തും ദുബായിലെ മൂന്നിടത്തും സ്ഫോടന ശബ്ദം കേട്ടതായാണ് വിവരം. ദുബായില്‍ പ്രാദേശിക സമയം 8.15 ഓടെ ഓടെ മൂന്നോളം സ്ഫോടനശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഖത്തറില്‍ മിസൈല്‍ ഭാഗങ്ങള്‍ വീണ 8 പേര്‍ക്ക് പരുക്കേറ്റു. ബഹ്റൈനില്‍ മുന്നറിയിപ്പുമായി സൈറണുകള്‍ മുഴങ്ങി. സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

ഇറാന്‍റെ മിസൈല്‍ ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലില്‍ വ്യാപകമായി വ്യോമാക്രമണ സൈറണ്‍ മുഴങ്ങി. ഇസ്രയേല്‍ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ടെല്‍നോഫ് വ്യോമതാവളത്തിലും ആക്രമണമുണ്ടായി. മേഖലയിലെ 27 യുഎസ് താവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കി. ഖമനയിയുടെ മരണത്തില്‍ അനുശോചനിച്ച് ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ ദേശീയ പതാക താഴ്ത്തി. 

രാത്രിയോടെ യു.എ.ഇയില്‍ യു.എസിന്‍റെ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ വലിയ ആക്രമണം നടത്തി. അബുദാബിയെയും ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ ആക്രമണം. ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചു. അബുദാബിയില്‍ ഒരു ഏഷ്യക്കാരന്‍ കൊല്ലപ്പെട്ടു. ദുബായിലെ പ്രശസ്തമായ ബുര്‍ജ് അല്‍ അറബ് ഉള്‍പ്പെടെ ഹോട്ടലുകള്‍ക്കും നേരെ ആക്രമണമുണ്ടായി.  ദുബായ് വിമാനത്താവളത്തിലെ   ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിലെ ഒരു കോൺകോഴ്സിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായും ദുബായ് മീഡിയ ഓഫീസ്  അറിയിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമയാന ഹബ്ബുകളിലൊന്നാണ് ദുബായ്.   

അബുദാബി രാജ്യാന്തര വിമാനത്താവളത്തിനും ആക്രമണത്തിൽ കേടുപാടുകളുണ്ട്.  മിസൈലുകൾ നേരിട്ട് പതിച്ചാണോ അതോ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇവയെ തകർത്തപ്പോൾ അവശിഷ്ടങ്ങൾ വീണാണോ നാശനഷ്ടമുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. ബഹ്റൈനിലെ യുഎസ് നാവിക കേന്ദ്രത്തിന് നേരെ മിസൈലാക്രമണവും ഉണ്ടായി.  റമസാനിലെ നോമ്പുതുറയ്ക്കായി ദുബായിലെ പാം ജുമൈറയിലുള്ള  ഹോട്ടലിൽ എത്തിയപ്പോൾ വലിയ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷി വെളിപ്പെടുത്തി.

ENGLISH SUMMARY: