Image Credit: Reuters

Image Credit: Reuters

രാജ്യത്തിന് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി മധ്യപൂര്‍വ ദേശത്തെ 14 യുഎസ് വ്യോമത്താവളങ്ങളില്‍ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യത്തിന്‍റെ വെളിപ്പെടുത്തല്‍. നൂറിലേറെ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ഇറാന്‍ അവകാശപ്പെടുന്നു. പരമാധികാരത്തെ ചോദ്യം ചെയ്തതിനുള്ള മറുപടിയാണിതെന്നും സൈന്യം വ്യക്തമാക്കിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സൈനികര്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. Also Read: ഹോര്‍മുസ് അടച്ച് ഇറാന്‍; കപ്പലുകളുടെ സഞ്ചാരം വിലക്കി

രാജ്യത്തിന് നേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ അമേരിക്കയുടെയും ഇറാന്‍റെയും സൈനികത്താവളങ്ങളെ ലക്ഷ്യമിടുന്നതില്‍ തെറ്റില്ലെന്നും അത് ന്യായമാണെന്നും ഇറാന്‍ ഐക്യരാഷ്ട്ര സംഘടനയെ അറിയിച്ചു. പ്രത്യാക്രമണത്തിനുള്ള ധാര്‍മികമായ ഉത്തരവാദിത്തവും അവകാശവും ഇറാനുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി യുഎന്‍ സുരക്ഷാ കൗണ്‍സിലിനും സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിനും എഴുതിയ കത്തില്‍ വ്യക്തമാക്കി. സ്വയം പ്രതിരോധം മാത്രമാണ് ഇറാന്‍ നടത്തുന്നതെന്നും അധിനിവേശം അവസാനിക്കുന്നത് വരെ അത് തുടരുമെന്നും കത്തില്‍ പറയുന്നു.

അതേസമയം, അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 747 ലേറെപ്പേര്‍ക്ക് പരുക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറാനിലെ ഭരണകൂടത്തെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം നടത്തിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും ജനവാസ കേന്ദ്രങ്ങളിലും സ്കൂളുകളിലും കോളജുകളിലും ആക്രമണമുണ്ടായതിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പിന്നാലെ പുറത്തുവന്നു. 24 പ്രവിശ്യകളില്‍ ആക്രമണം ഉണ്ടായെന്നും നഗരപ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം സംഭവിച്ചെന്നും ഇറാനിയന്‍ റെഡ് ക്രസന്‍റിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃതമായാണ് അമേരിക്കയും ഇസ്രയേലും തങ്ങളെ ആക്രമിച്ചതെന്നും യാതൊരുപ്രകോപനവുമില്ലാതിരുന്നിട്ടും നടത്തിയ ആക്രമണം കാടത്തമാണെന്നും ഇറാന്‍ തുറന്നടിച്ചു. ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി. 

തെക്കന്‍ ഇറാനിലെ പെണ്‍കുട്ടിളുടെ സ്കൂളിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തില്‍ 85 പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇറാന്‍റെ അര്‍ധ സൈനിക വിഭാഗത്തിന് താവളമുള്ള നഗരമായ മിനാബിലാണ് ആക്രമണം ഉണ്ടായത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ തുടങ്ങിയ നേതൃത്വത്തെ വകവരുത്തുന്നതിനായാണ് ശനിയാഴ്ച രാവിലെ സംയുക്ത ആക്രമണം നടത്തിയത്. ആക്രമണ ഭീഷണിയുള്ളതിനാല്‍ ഖമനയി വളരെ നേരത്തെ തന്നെ ടെഹ്റാന് പുറത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. അതേസമയം, ആക്രമണം ഉണ്ടായ സമയത്ത് പ്രസിഡന്‍റ് പെസഷ്കിയന്‍ തന്‍റെ കൊട്ടാരത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പെസഷ്കിയന് പരുക്കേറ്റിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

In a massive escalation, the Iranian military claims to have neutralized over 100 US soldiers and struck 14 American airbases across the Middle East as retaliation for recent strikes on their territory. While the US has not yet confirmed these fatalities, Iran has formally notified the UN Security Council that its actions are a legitimate exercise of self-defense. On the other side, reports indicate that joint US-Israeli operations have resulted in 201 deaths within Iran, including a devastating strike on a girls' school in Minab that killed 85 students. Iranian leadership, including Supreme Leader Ayatollah Khamenei, reportedly moved to secure locations before the strikes, while President Masoud Pezeshkian remained unharmed during an attack on his residence. The Iranian Red Crescent reports widespread damage across 24 provinces, signaling a humanitarian crisis as both sides brace for further conflict.