ഇറാനെതിരെ യു.എസ് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്ക് പിന്നാലെ യു.എസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഫോടനം. ഖത്തറിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. രണ്ട് ഇറാന്‍ മിസൈലുകളെ ഖത്തര്‍ ആകാശത്ത് പാട്രിയേറ്റ് പ്രതിരോധ സംവിധാനം തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹൈറൈനിലും യുഎഇയിലും കുവൈത്തിലും യു.എസ് സേനാ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് സ്ഫോടനം. 

ബഹ്റൈനിലും അബുദാബിയിലും നിരവധി സ്ഫോടനം നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹറൈനിലെ ജുഫൈറിലാണ് സ്ഫോടനം നടന്നത്. ഇവിടെയാണ് യു.എസ് നേവി താവളം സ്ഥിതി ചെയ്യുന്നത്. യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ സർവീസ് സെന്ററിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ബഹ്‌റൈൻ അറിയിച്ചു. 

കുവൈത്തില്‍ സ്ഫോടനത്തിന് പിന്നാലെ സൈറണ്‍ മുഴങ്ങി. യു.എഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ ശബ്ദത്തോടെ സ്ഫോടനം നടന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.  എല്ലാവരും വീട്ടിലോ സുരക്ഷിത ഇടങ്ങളിലെ തുടരണമെന്ന് ഖത്തർ ജാഗ്രതാ നിർദ്ദേശം നൽകി. സൈനിക താവളങ്ങളിൽ നിന്ന് മാറി വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് മൊബൈലില്‍ എത്തിയ സന്ദേശം. 

അതേസമയം, പശ്ചിമേഷ്യയിലെ ഇസ്രയേലിന്‍റെയും യു.എസിന്‍റെയും കേന്ദ്രങ്ങള്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. വരാനിക്കുന്നതിന് തയ്യാറെടുക്കൂ എന്നാണ് ഇറാന്‍ പ്രതികരിച്ചത്. പശ്ചിമേഷ്യയിലെ എല്ലാ യു.എസ് ഇസ്രയേല്‍ താല്‍പര്യങ്ങളും ലക്ഷ്യമാണ്. ഇനി നിയന്ത്രണങ്ങളൊന്നുമില്ല.  മുന്‍പ് പരിഗണിക്കാത്ത സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാം ലക്ഷ്യമിടുമെന്നും അദ്ദേഹം സൂചന നല്‍കി. ഇസ്രയേലും യു.എസും ഒന്നിച്ചുള്ള ആക്രമണത്തില്‍ ഞെട്ടലില്ലെന്നും ഈ സംഘര്‍ഷത്തിന് ദീർഘകാലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. 

യുദ്ധ ഭീതി ഉയര്‍ന്നതോടെ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ വിമാനകമ്പനികള്‍ നിര്‍ത്തി. വിസ് എയര്‍ ദുബായിലേക്കും അബുദാബിയിലേക്കും ജോര്‍ദാനിലെ അമ്മാനിലേക്കുമുള്ള സര്‍വീസുകള്‍ ഏഴുവരെ നിര്‍ത്തി. ലുഫ്താൻസ എയര്‍ലൈന്‍സിന്‍റെ വിമാനങ്ങള്‍ രണ്ടു ദിവസത്തേക്ക് ദുബായ്, ടെല്‍ അവീവ്, ബെയ്റൂട്ട്, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തില്ല. റഷ്യ, കുവൈത്ത് എന്നിവ ഇറാനിലേക്കുള്ള സര്‍വീസ് നിര്‍ത്തി. ഇസ്രയേല്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും സിവിലിയന്‍ വിമാനങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്  

ENGLISH SUMMARY:

US operation Epic Fury in Iran has led to explosions near US military bases in Gulf countries. Qatar intercepted Iranian missile attempts in its airspace, while Bahrain, UAE, and Kuwait reported blasts near US facilities, prompting safety advisories.