Smoke is left in the sky after blasts were heard in Doha, Qatar, February 28, 2026. REUTERS/Mohmmed Salem TPX IMAGES OF THE DAY

ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇറാന്‍ പൗരന്‍മാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്. യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ജോര്‍ദന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് മുന്നറിയിപ്പ്. ഈ അഞ്ചു രാജ്യങ്ങളില്‍ നിന്നും ഇതുവരെ പുറത്ത് കടക്കാന്‍ കഴിയാത്ത പൗരന്‍മാര്‍ ജാഗ്രതയോടെയിരിക്കണമെന്നും സൈനിക കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങി അമേരിക്കയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പോവുകയോ അനാവശ്യമായി പുറത്തിറങ്ങുകയോ ചെയ്യരുതെന്നുമാണ് മുന്നറിയിപ്പ്. Also Read: തിരിച്ചടിച്ച് ഇറാന്‍; 'ഇതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല'; മുന്നറിയിപ്പ്

പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഗള്‍ഫിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ബഹ്റൈനിലെ യുഎസ് സൈനികത്താവളത്തില്‍ ഇറാന്‍ തൊടുത്ത മിസൈല്‍ പതിച്ചുവെന്നും തുടര്‍ച്ചായായി സ്ഫോടന ശബ്ദം കേള്‍ക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. സൈനികത്താവളം സ്ഥിതി ചെയ്യുന്ന ജുഫൈറില്‍ നിന്നും പുകപടലങ്ങള്‍ ഉയരുകയാണ്. യുഎസ് നേവിയുടെ അഞ്ചാം കപ്പല്‍പ്പടയാണ് ബഹ്റൈനിലുള്ളത്. പൗരന്‍മാര്‍ പുറത്തിറങ്ങരുതെന്ന് ബഹ്റൈന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 

‌കുവൈത്തിലും ഉഗ്രസ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി മലയാളികള്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി. അബുദാബിയിലും ദോഹയിലും ഖത്തറിലും സ്ഫോടനശബ്ദങ്ങള്‍ കേട്ടതായി ആളുകള്‍ പറയുന്നു. അതേസമയം, ഇറാന്‍റെ മിസൈലുകളെ പ്രതിരോധിച്ചെന്നാണ് ഖത്തറിന്‍റെ വാദം. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ വ്യോമപാത അടച്ചു. ഇറാന്‍റെ ബലിസ്റ്റിക് മിസൈല്‍ ആക്രമണം ഉണ്ടായതായും ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

അതേസമയം, ഇസ്രയേലും അമേരിക്കയും സൈനികത്താവളങ്ങളെ മാത്രമല്ല ജനവാസ മേഖലകളെയും ആക്രമിച്ചുവെന്നാണ് ഇറാന്‍റെ ആരോപണം. നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായെന്നും നടുക്കുന്ന തിരിച്ചടി നല്‍കുമെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി. സമാധാനത്തിന്റെ പാതയിലാണ് ഇറാന്‍ പോയതെന്നും എന്നാല്‍ അമേരിക്കയും ഇസ്രയേലും സംഘര്‍ഷം തുടങ്ങിവച്ചുവെന്നും ഇതിന്‍റെ അന്ത്യം അമേരിക്കയ്ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

The Iranian Revolutionary Guard has issued an urgent safety advisory to its citizens residing in Gulf nations, including the UAE, Kuwait, Qatar, Bahrain, and Jordan. Citizens are advised to stay indoors and avoid locations associated with the US military or commercial interests following the escalation of 'Operation Epic Fury'. Reports confirm an Iranian missile strike on the US Navy's 5th Fleet base in Juffair, Bahrain, causing massive explosions and smoke plumes. Residents in Kuwait, Abu Dhabi, and Doha have reported hearing loud blasts, while UAE and Qatar have officially closed their airspace due to ballistic missile threats. Iran accused the US and Israel of targeting residential areas and vowed a retaliatory strike beyond American imagination. As of February 28, 2026, the Middle East is on high alert with emergency protocols in place across all major cities