ആണവചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നതിനിടെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്‍. ഇസ്രയേലിന്‍റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം ഉണ്ടായെന്നും അപായ സൂചനകള്‍ മുഴങ്ങിയെന്നുമാണ് രാജ്യാന്തരമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാനെ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍ അത് വകവയ്ക്കാതെ നടത്തിയ ആക്രമണത്തിന് അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ തുറന്നടിച്ചു. 'ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ നിങ്ങളൊരു പാത തുറന്നിരിക്കുകയാണ്. അതിന്‍റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല'- ഇറാൻ പാർലമെന്‍റിലെ ദേശീയ സുരക്ഷാ കമ്മിഷൻ തലവൻ ഇബ്രാഹിം അസീസി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ആക്രമണത്തിൽ അമേരിക്കയുടെ പങ്കാളിത്തം പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണിയെ ഇല്ലാതാക്കി അമേരിക്കൻ ജനതയെ പ്രതിരോധിക്കാനാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നാവിക സേനയെയും മിസൈൽ കേന്ദ്രങ്ങളെയും തകർക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീർഘദൂര മിസൈൽ ഇറാൻ നിർമിക്കാൻ ശ്രമിച്ചു. ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പാക്കും എന്നും ട്രംപ് പറഞ്ഞു.
അതേസമയം ഇസ്രയേലിന്റെ ആക്രമണത്തിൽ കിഴക്കൻ, പടിഞ്ഞാറൻ ടെഹ്റാനിലെ മൊബൈൽ ഫോൺ ലൈനുകൾ തകർന്നു. പലയിടത്തും ഇന്റർനെറ്റ് കണക്ടിവിറ്റി ദുർബലമായി. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഓഫിസ് നിലനില്‍ക്കുന്നതിന് സമീപത്തായാണ് ആക്രമണം ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇ റാനുമായി നടത്തിയ ആണവ ചര്‍ച്ചകളില്‍ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും മൂന്നാം ചര്‍ച്ച അലസിപ്പിരിയുകയും ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം.