ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന നിര്‍ദേശവുമായ എംബസി. യുഎസ് ഇറാനെ ആക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് എംബസിയുടെ മുന്നറിയിപ്പ്. നിലവിലെ സങ്കീര്‍ണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിലുള്ള വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, വിനോദ സഞ്ചാരികള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ സാധ്യമായ മാര്‍ഗങ്ങളിലൂടെ എത്രയും വേഗം രാജ്യം വിടണമെന്നാണ് നിര്‍ദേശം. Also Read: ഇറാന്‍ ജനതയുടെ ഫോണുകളിലേക്ക് അജ്ഞാത സന്ദേശം! യുദ്ധഭീഷണി?
പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പ്രകടനങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്നും എംബസിയുമായി ബന്ധപ്പെടണമെന്നും പ്രദേശിക വാര്‍ത്താവിനിമയ മാര്‍ഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കി മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജനുവരി 14ന് എംബസി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പാസ്പോര്‍ട്ട്, മറ്റ് യാത്രാരേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ എപ്പോഴും കയ്യില്‍ കരുതണമെന്നും ഏതെങ്കിലും തലത്തിലെ അടിയന്തര ഘട്ടങ്ങള്‍ ഉണ്ടായാല്‍ എംബസിയുടെ സഹായം േതടണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 989128109115, 989128109109, 989128109102,989932179359,ഇ–മെയില്‍: con.tehran@mea.gov.in
യുദ്ധഭീതി നിലനില്‍ക്കുന്നതിനിടെ വ്യാഴാഴ്ച ജനീവയില്‍ വച്ച് മൂന്നാംഘട്ട ആണവ ചര്‍ച്ചകള്‍ നടക്കുമെന്ന് ഇറാന്‍ അറിയിച്ചു. ശുഭപ്രതീക്ഷയാണ് ഇറാനുള്ളതെന്നും അതേസമയം നിലപാടുകളിലൊന്നിലും മാറ്റമില്ലെന്നും ഇറാന്‍ സമാധാനകാംക്ഷിയായ രാജ്യമാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പ്രതികരിച്ചു. എന്നാല്‍ അമേരിക്കന്‍ ആവശ്യത്തിന് വഴങ്ങാത്ത പക്ഷം ഇറാനില്‍ നിയന്ത്രിത സൈനിക നടപടി ഉണ്ടാകുമെന്നാണ് ട്രംപിന്‍റെ നിലപാട്. ആയിരക്കണക്കിന് സൈനികരെയും യുഎസ്എസ് എബ്രഹാം ലിങ്കണും ജെറള്‍ഡ് ആര്‍.ഫോര്‍ഡുമടക്കമുള്ള കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളുമാണ് ഇറാന് സമീപം യുഎസ് എത്തിച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് ചര്‍ച്ചകളും യുഎസ് മുന്നോട്ട് കൊണ്ടുപോകുന്നത്.