ഈ ആഴ്ച അവസാനത്തോടെ ഇറാനെതിരെ യുഎസ് സൈനിക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാനെതിരെ നടപടിക്ക് സൈന്യം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനുമായി നടക്കുന്ന ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പാണ് യുഎസ് ഉദ്യോഗസ്ഥർ നല്‍കുന്നത്. കഴിഞ്ഞ ദിവസമാണ് ജനീവയില്‍ രണ്ടാം ഘട്ട ആണവ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടയിലും മിഡില്‍ ഈസ്റ്റില്‍ വിമാനവാഹിനി കപ്പലുകളും യുദ്ധ വിമാനങ്ങളും അടക്കമുള്ള സന്നാഹങ്ങള്‍ ഇതിനോടകം യു.എസ് എത്തിച്ചിട്ടുണ്ട്.
വാരാന്ത്യത്തോടെ ഇറാനെ ആക്രമിക്കാന്‍ സജ്ജമാണെന്ന് സൈന്യം വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സിഎന്‍എന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക നടപടിയാണോ നിലവിലെ സാഹചര്യത്തില്‍ ഇറാനെതിരായ ഫലപ്രദമായ നീക്കമെന്ന കാര്യത്തില്‍ ട്രംപിന് ഇപ്പോഴും വ്യക്തതകുറവുണ്ട്. സൈനിക നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും അദ്ദേഹം സംസാരിച്ചു. ഏറ്റവും മികച്ച നടപടിയെ പറ്റി ഉപദേശകരോടും സഖ്യകക്ഷികളോടും അഭിപ്രായം തേടിയതായും റിപ്പോര്‍ട്ടിലുണ്ട്. നയതന്ത്രത്തിനാണ് അമേരിക്ക ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു ട്രംപ് ഒടുവില്‍ പ്രതികരിച്ചത്.
ശനിയാഴ്ച ഇറാനെ ആക്രമിക്കാന്‍ തയ്യാറാണെന്ന് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ ട്രംപിനെ ധരിപ്പിച്ചതായാണ് സിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ട്രംപ് ഇതിന് തിടുക്കപ്പെട്ട് അനുമതി നല്‍കുമോ എന്ന് വ്യക്തമല്ല. അതിനാല്‍ നടപടി അടുത്താഴ്ചയിലേക്ക് കടക്കാനും സാധ്യതയുണ്ട്. സൈനിക നടപടിക്ക് മുന്നോടിയായി അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ മധ്യപൂര്‍വദേശത്തേക്കുള്ള പെന്‍റഗണ്‍ ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി യൂറോപ്പിലേക്കോ യുഎസിലേക്കോ മാറ്റുമെന്നും സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക ആക്രമണം നടത്തിയാല്‍ മേഖലയിലെ യുഎസ് താവളങ്ങളിലേക്ക് ഇറാന്‍ പ്രത്യാക്രമണം നടത്താനുള്ള സാധ്യത യുഎസ് മുന്നില്‍ കാണുന്നുണ്ട്. യുഎസ് സൈനിക നടപടിക്ക് മുന്നോടിയായി പെന്റഗൺ ഉദ്യോഗസ്ഥരെ മാറ്റുന്നത് സാധാരണമാണെന്നും ഇറാനെതിരായ ആക്രമണം ആസന്നമാണെന്ന് ഇത് സൂചിപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കി.
മധ്യപൂര്‍വദേശത്ത് സൈനിക ശക്തി അരക്കെട്ടുറപ്പിക്കുകയാണ് നിലവിലെ സൈനിക സന്നാഹങ്ങള്‍ക്കൊണ്ട് യുഎസ് ലക്ഷ്യമിടുന്നത്. യുഎസ് നാവികസേനയുടെ 13 യുദ്ധകപ്പലുകളാണ് ഇപ്പോള്‍ മേഖലയിലുള്ളത്. ഒരു വിമാനവാഹിനി കപ്പലും ഒന്‍പത് ഡിസ്ട്രോയറുകളും മൂന്ന് ലിറ്ററൽ കോംബാറ്റ് ഷിപ്പുകളും ഉള്‍പ്പെടെയാണിത്. എഫ്-22 റാപ്‌റ്റർ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ, എഫ്-15, എഫ്-16 യുദ്ധവിമാനങ്ങൾ, ആകാശത്ത് വച്ചു തന്നെ ഇന്ധനം നിറയ്ക്കാന്‍ ശേഷിയുള്ള കെസി-135 വിമാനങ്ങൾ എന്നിവ ഇക്കൂട്ടത്തിലുണ്ട്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും മിഡില്‍ ഈസ്റ്റിലേക്ക് എത്തുന്നുണ്ട്. ട്രംപിന്‍റെ ഉത്തരവിന് പിന്നാലെ യാത്രതിരിച്ച കപ്പല്‍ നിലവില്‍ അറ്റ്ലാന്‍ഡിക് സമുദ്രത്തിലാണുള്ളത്. കഴിഞ്ഞ വര്‍ഷം യുഎസ് ഇറാനെ ആക്രമിച്ച സമയത്തും മിഡില്‍ ഈസ്റ്റില്‍ രണ്ടു വിമാനവാഹിനി കപ്പലുകളുടെ സാന്നിധ്യമുണ്ടായിരുന്നു.