ഇറാനെതിരെ യു.എസ് ലക്ഷ്യമിടുന്നത് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ആക്രമണമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടത്തിയതു പോലുള്ള വളരെപ്പെട്ടെന്ന്   അവസാനിപ്പിക്കുന്ന  ആക്രമണമായിരിക്കില്ലെന്നും ആഴ്ചകള്‍ നീണ്ടു നില്‍ക്കാമെന്നുമാണ് രണ്ടു സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ നടത്തിയതിനേകാള്‍ രൂക്ഷമായ ആക്രമണമാകും ഇറാന്‍ നേരിടേണ്ടി വരിക. ആണവ കേന്ദ്രങ്ങള്‍ക്ക് പുറമെ ഭരണകൂടത്തെയും ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണ പദ്ധതി ഒരുക്കുന്നത്. പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ വിമാനവാഹിനി കപ്പല്‍ അയക്കാന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ വിവരം. 

തുടര്‍ച്ചയായ ആക്രമണത്തിലൂടെ ആണവ കേന്ദ്രങ്ങളെ മാത്രമല്ല ഇറാനിലെ ഭരണകൂടത്തെയും സുരക്ഷാ കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. ഇറാനെതിരെ ട്രംപ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍. ഇറാനിലെ നേതൃമാറ്റമാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അതാണ് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. 

ഇറാന്‍റെ ആണവ പദ്ധതികളെ പറ്റി കഴിഞ്ഞയാഴ്ച  ഒമാനില്‍ യു.എസ്– ഇറാന്‍ നയതന്ത്ര ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ  വിമാനവാഹിനി കപ്പല്‍ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ ട്രംപ് ഉത്തരവിട്ടത്. നിലവില്‍ വിമാനവാഹിനിക്കപ്പലായ  യുഎസ്എസ് എബ്രഹാം ലിങ്കൺ  മേഖലയില്‍ തമ്പടിച്ചിട്ടുണ്ട്. . ഇതിനൊപ്പം വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും  ഗള്‍ഫ് മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ ഇറാനെതിരെ വ്യോമാക്രമണം നടത്തിയപ്പോഴും രണ്ട് വിമാനവാഹിനി കപ്പലുകള്‍ മധ്യേഷിലേക്ക് അയച്ചിരുന്നു. 

അതേസമയം, ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്കും ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ക്കും നേരെ സൈനിക നടപടി ട്രംപ് ആലോചിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഉദ്യോഗസ്ഥരെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഇറാന്‍റെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ കമാൻഡോകളെ അയയ്ക്കുന്നത് അടക്കമുള്ള സാധ്യതകള്‍ യു.എസിന് മുന്നിലുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണങ്ങള്‍ക്ക് മുന്‍പ് യുഎസിന്‍റെ മധ്യേഷ്യയിലെ വ്യോമകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മധ്യേഷ്യയില്‍ ജോര്‍ദാന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, ബഹറൈന്‍, യുഎഇ, തുര്‍ക്കി എന്നിവിടങ്ങളില്‍ യു.എസിന് സൈനിക കേന്ദ്രങ്ങളുണ്ട്. തങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായാല്‍ മധ്യേഷ്യയിലെ യു.എസിന്‍റെ വ്യോമതാവളങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. 

ENGLISH SUMMARY:

The United States is reportedly planning a sustained military offensive against Iran that could last for weeks, according to defense officials cited by Reuters. Unlike previous isolated strikes, this campaign aims to dismantle Iran's nuclear infrastructure and target the ruling regime. President Donald Trump has already ordered the deployment of a second aircraft carrier, the USS Gerald R. Ford, to the Middle East to join the USS Abraham Lincoln. Reports suggest that the US is considering a range of options, including commando raids on ballistic missile sites and intensifying airstrikes. Trump recently hinted at a potential regime change, stating it would be the 'best thing' to happen. Meanwhile, Iran has threatened to retaliate by attacking US airbases in Jordan, Kuwait, and the UAE if any offensive is launched. Stay updated on the escalating US-Iran conflict and Middle East security news.