ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ഇറാനുമായുള്ള ചർച്ച കൂടിക്കാഴ്ചയില്‍ സംസാരവിഷയമാകും. ഇറാനും യുഎസും ഒമാനില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നെതന്യാഹു–ട്രംപ് കൂടിക്കാഴ്ച. ബുധനാഴ്ച വാഷിങ്ടണിലാണ് ഇരുവരും കാണുന്നത്. 

 

ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് പരിധി ഏര്‍പ്പെടുത്തണമെന്നും പ്രാദേശിക സായുധ സംഘങ്ങള്‍ക്ക് നല്‍കുന്ന ആയുധ സഹായം അവസാനിപ്പിക്കണമെന്നുമാണ് നെതന്യാഹുവിന്‍റെ ആവശ്യം. യു.എസുമായുള്ള ചര്‍ച്ചയില്‍  ആണവ പ്രശ്നം മാത്രമേ സംസാരിക്കുന്നുള്ളൂ എന്നാണ് ഇറാന്‍റെ നിലപാട്. മികച്ച രീതിയില്‍ അവസാനിച്ച ആദ്യഘട്ടത്തിന്‍റെ തുടര്‍ ചര്‍ച്ചകള്‍ വരുന്ന ആഴ്ചയിലും ഉണ്ടാകും എന്നാണ് ട്രംപ് പറഞ്ഞത്. 

 

യുറേനിയം സമ്പുഷ്ടീകരണത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഇറാന്‍ നിലപാട്. ആണവ സമ്പുഷ്ടീകരണം അവിഭാജ്യമായ അവകാശമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാചി പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും പ്രോക്സികളെക്കുറിച്ചും ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അബ്ബാസ് അരഗ്ചി അൽ ജസീറയോട് പറഞ്ഞു.

 

യുഎസ് ഉപരോധങ്ങൾ നീക്കുന്നതിന് പകരം തങ്ങളുടെ ആണവ പദ്ധതി ആയുധമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണവും പരിശോധനകളും അനുവദിക്കാം എന്നാണ് ഇറാന്‍ വാഗ്ദാനം. എന്നാല്‍ ആണവായുധം വികസിപ്പിക്കുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ട് യുറേനിയം സമ്പുഷ്ടീകരണം തുടരാന്‍ ഇറാനെ അനുവദിക്കാനാകില്ലെന്ന് യു.എസും നിലപാടെടുത്തു. 

 

ആക്രമണ ഭീഷണി തുടരുന്നു

 

മേഖലയില്‍ യുഎസ് നാവിക സേനയുടെ കപ്പല്‍പട എത്തിയതിന് പിന്നാലെ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിലും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പ്രതികരിച്ചു. മധ്യേഷ്യയില്‍ നിലയുറപ്പിച്ച യു.എസ് സൈന്യം ആക്രമിച്ചാല്‍ മേഖലയിലെ അവരുടെ താവങ്ങള്‍ ആക്രമിക്കും എന്നാണ് അരഗ്ചി പറഞ്ഞത്. അമേരിക്കന്‍ മണ്ണിനെ ആക്രമിക്കാന്‍ കഴിയില്ല. പകരം മേഖലയിലെ അവരുടെ താവളങ്ങള്‍ ലക്ഷ്യമിടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് താവളങ്ങള്‍ ആക്രമിക്കുന്നത് അയല്‍രാജ്യങ്ങളെ ആക്രമിക്കലല്ലെന്നും രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Benjamin Netanyahu's meeting with Donald Trump will focus on Iran's nuclear deal and regional issues. This discussion follows recent US-Iran talks in Oman, highlighting the ongoing diplomatic efforts and tensions in the Middle East.