അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത് നാലര വർഷം പിന്നിടുമ്പോൾ വ്യക്തിസ്വാതന്ത്ര്യത്തെ പൂർണ്ണമായും ഹനിക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ   നടപ്പാക്കി താലിബാൻ ഭരണകൂടം. സ്ത്രീകളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള അതിക്രൂരമായ ശിക്ഷാവിധികളാണ് പുതിയ നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താലിബാന്‍റെ പുതിയ  ക്രിമിനല്‍ നിയമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.

ജനങ്ങളെ നാല് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളായി തിരിച്ചാണ് പുതിയ ക്രിമിനല്‍ നിയമം നടപ്പാക്കുന്നത്. താലിബാൻ പരമാധികാരി ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പുവെച്ച ഈ പുതിയ നിയമം നീതിനിർവ്വഹണ രംഗത്ത് കടുത്ത വിവേചനത്തിന് വഴിതുറക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

പുതിയ നിയമത്തിലെ ഒമ്പതാം അനുച്ഛേദം അനുസരിച്ച് അഫ്ഗാൻ സമൂഹത്തെ നാലായി വിഭജിച്ചിരിക്കുന്നു. മതപണ്ഡിതർ (ഉലമകൾ/ മുല്ലകള്‍),ഉന്നത കുലീനര്‍, (അഷറഫ്)‍ മധ്യവർഗ്ഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഈ തരംതിരിക്കൽ അനുസരിച്ച്, ഒരേ കുറ്റകൃത്യത്തിന് പ്രതിയുടെ സാമൂഹിക പദവി നോക്കിയായിരിക്കും ശിക്ഷ വിധിക്കുക. ഉദാഹരണത്തിന്, ഒരു മതപണ്ഡിതൻ കുറ്റം ചെയ്താൽ അയാൾക്ക് വെറും 'ഉപദേശം' നൽകി വിട്ടയക്കാം. എന്നാൽ സാധാരണക്കാരനോ പാവപ്പെട്ടവനോ ആയ ഒരാളാണ് അതേ കുറ്റം ചെയ്യുന്നതെങ്കിൽ തടവും   ചാട്ടവാറടിയും ഉൾപ്പെടെയുള്ള ശിക്ഷ അനുഭവിക്കേണ്ടി വരും.

രാജ്യാന്തര തലത്തിൽ നിരോധിക്കപ്പെട്ട അടിമത്തം ഈ നിയമത്തിലൂടെ താലിബാൻ നിയമവിധേയമാക്കിയതായാണ് സൂചന. നിയമത്തിലെ പല ഭാഗങ്ങളിലും 'സ്വതന്ത്ര വ്യക്തികൾ', 'അടിമകൾ' എന്നീ പദപ്രയോഗങ്ങൾ ആവർത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഇത് ആധുനിക ലോകത്തിന് സങ്കൽപ്പിക്കാൻ പോലുമാകാത്ത ക്രൂരതയാണെന്ന് മനുഷ്യാവകാശ സംഘടനയായ 'റവാദാരി' (Rawadari) ചൂണ്ടിക്കാട്ടി.

കൂടാതെ ഈ നിയമം അനുസരിച്ച് കുറ്റം ആരോപിക്കപ്പെടുന്നവർക്ക് അഭിഭാഷകനെ വയ്ക്കാന്‍ സാധിക്കില്ല. തെറ്റായ ശിക്ഷാനടപടികൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശവും നിയമം റദ്ദ് ചെയ്യുന്നു. തെളിവുകളേക്കാൾ   കുറ്റസമ്മത മൊഴികൾക്കും സാക്ഷിമൊഴികൾക്കുമാണ് കോടതി പ്രാധാന്യം നൽകുന്നത്. ഇത് പീഡനത്തിലൂടെ കുറ്റം സമ്മതിപ്പിക്കാൻ വഴിയൊരുക്കും.

സ്ത്രീകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണമാണ് നിയമം അനുശാസിക്കുന്നത്. പുതിയ നിയമമനുസരിച്ച്, ഭർത്താവിൻ്റെ അനുവാദമില്ലാതെ സ്വന്തം വീട്ടുകാരെ സന്ദർശിക്കുന്ന സ്ത്രീകൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഭർത്താവിൻ്റെ സമ്മതമില്ലാതെ വീടിന് പുറത്തിറങ്ങുന്നതും കുടുംബാംഗങ്ങളെ കാണുന്നതും കുറ്റകരമാക്കി. ഭാര്യയെ ക്രൂരമായി മർദിക്കുന്ന ഭർത്താവിന് വെറും 15 ദിവസത്തെ തടവ് ശിക്ഷ മാത്രമേ പുതിയ നിയമം അനുശാസിക്കുന്നുള്ളൂ. സ്ത്രീകളുടെ സുരക്ഷയേക്കാൾ പുരുഷാധിപത്യത്തിന് മുൻഗണന നൽകുന്നതാണ് ഈ വ്യവസ്ഥയെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഇസ്‌ലാം മതം ഉപേക്ഷിക്കുന്നവർക്ക് ആജീവനാന്ത തടവാണ് ശിക്ഷ. ഇതിന് പുറമെ, ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഇവരെ പരസ്യമായി ചാട്ടവാറടിക്ക് വിധേയരാക്കണമെന്നും നിയമം വ്യക്തമാക്കുന്നു. നീതിക്ക് മുന്നിൽ എല്ലാവരും തുല്യരാണെന്ന സാർവത്രിക തത്വം അട്ടിമറിച്ച്, മതാധികാരത്തെയും വരേണ്യവർഗത്തെയും സംരക്ഷിക്കുന്ന ഒരു വ്യവസ്ഥിതിയാണ് താലിബാൻ വിഭാവനം ചെയ്യുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

ENGLISH SUMMARY:

Taliban's new criminal laws in Afghanistan significantly curtail individual freedoms, particularly targeting women and religious minorities with harsh punishments. These laws introduce a discriminatory social hierarchy for sentencing, with human rights organizations expressing deep concern over the rollback of fundamental rights and the potential legalisation of slavery.