iran-flight-from-china

Image CrediT: X/@LovedayM (Flightradar Screenshot)

യു.എസ് ആക്രമണ ആശങ്കയ്ക്കിടെ അടച്ചിട്ട ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ ചൈനയില്‍ നിന്നുള്ള വിമാനങ്ങള്‍. പുലര്‍ച്ച നാലു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് ഇറാനിയന്‍ കമ്പനിയായ മഹാന്‍ എയറിന്‍റെ രണ്ടു വിമാനങ്ങള്‍ ഇറാന്‍ വ്യോമാര്‍ത്തിയിലേക്ക് എത്തിയത്. വ്യോമാതിര്‍ത്തി അടച്ച സമയത്താണ് ചൈനയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ഇറാനിലേക്ക് എത്തിയതെന്നതിനാല്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. 

തെക്കന്‍ ചൈനയില്‍ നിന്നുമാണ് വിമാനങ്ങള്‍ ഇറാനിലേക്ക് പറന്നത്. ഗ്വാങ്‌ഷോവിൽ നിന്നും ഷെൻ‌ഷെനിൽ നിന്നും പറന്നുയര്‍ന്ന വിമാനങ്ങള്‍ ടെഹ്‍റാനിലേക്കാണ് എത്തിയതെന്ന് ഫ്ലൈറ്റ്റെഡാര്‍ ഡാറ്റകള്‍ കാണിക്കുന്നു. ഇസ്‍ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് ആയുധങ്ങളും ഫണ്ടും കൈമാറിയതിന് യു.എസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ് മഹാന്‍ എയര്‍. 

സംഘര്‍ഷ സാധ്യത രൂക്ഷമായിരിക്കെ ചൈന, വിമാനങ്ങളില്‍  ആയുധങ്ങളും സഹായങ്ങളും ഇറാനില്‍ എത്തിച്ചതാകാം എന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. ചൈനയില്‍ നിന്നുമുള്ള വിമാനം ഇറാനിലെത്തിയ കാര്യം വാഷിങ്ടണ്‍ പോസ്റ്റിന്‍റെ മിഡില്‍ ഈസ്റ്റ് കറസ്പോണ്ടന്‍റ് ലവ്ഡേ മോറിസ് അടക്കം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അഞ്ചു മണിക്കൂറോളം വ്യോമാതിര്‍ത്തി അടച്ചിട്ട സമയത്ത് വളരെ കുറച്ച് വിമാനങ്ങള്‍ മാത്രമാണ് ഇറാന് മുകളിലൂടെ പറന്നത്. പ്രത്യേക അനുമതി വാങ്ങിയ വിമാനങ്ങളായിരുന്നു ഇവ. വിമാനയാത്ര പുനരാരംഭിച്ച സമയത്ത് ഇറാനിയൻ വിമാനക്കമ്പനികളായ മഹാൻ എയർ, യാസ്ദ് എയർവേയ്‌സ്, എവിഎ എയർലൈൻസ് എന്നിവയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് ആദ്യം ഇറാനിലെത്തിയത് എന്നാണ് ഫ്ലൈറ്റ്റാഡാറിലെ ഡാറ്റ കാണിക്കുന്നത്. 

ENGLISH SUMMARY:

Iran China Flights is the main topic. Amidst US-Iran tensions, speculation arises as Chinese flights land in Iran during an airspace closure, fueling rumors of weapons shipments.