Image Credit: x.com/elizatino
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ഇറാന്‍ ജനത നടത്തുന്ന പ്രക്ഷോഭം രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ആളിപ്പടരുന്നു. അമേരിക്കന്‍ ഭീഷണിയുടെയും പഴയ രാജകുടുംബാഗം റിസ പഹ്ലവിയുടെ സമരാഹ്വാനങ്ങള്‍ക്കുമിടയിലാണ് ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭരണവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രകടനം നടത്തിയ സ്ത്രീകള്‍ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ചിത്രം കത്തിച്ച് അതില്‍ നിന്ന് സിഗരറ്റിന് തീ കൊളുത്തുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ശിരോവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞും കൂട്ടിയിട്ട് കത്തിച്ചും സ്ത്രീകള്‍ പ്രതിഷേധം തുടരുകയാണ്. ശിരോവസ്ത്രമില്ലാതെ പുറത്തിറങ്ങുന്നതും സ്ത്രീകള്‍ പുകവലിക്കുന്നതുമെല്ലാം ഇറാനില്‍ നിയമവിരുദ്ധമാണ്. ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിലാണ് 2022ല്‍ ഇരുപത്തിരണ്ടുകാരിയായ മഹ്സ അമിനിയെ ഇറാന്‍ സദാചാര പൊലീസ് കൊലപ്പെടുത്തിയത്.
പ്രക്ഷോഭത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശസംഘടനകള്‍ സ്ഥിരീകരിച്ചു. മരണസംഖ്യ ഇരുന്നൂറ് കടന്നെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ ടെഹ്റാനിലെ ആറ് ആശുപത്രികല്‍ മാത്രം 217 പ്രക്ഷോഭകാരികളുടെ മൃതദേഹങ്ങള്‍ എത്തിയെന്നാണ് ടെഹ്റാനിലെ ഒരു ഡോക്ടര്‍ ടൈം മാഗസിനോട് വെളിപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ ഇദ്ദേഹത്തിന്‍റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 65 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ ഭരണകൂടത്തിന്‍റെ കണക്ക്.
പ്രക്ഷോഭകാരികള്‍ക്ക് നേരെ ഏറ്റവും കടുന്ന നടപടികളാണ് ഖമനയി ഭരണകൂടം സ്വീകരിക്കുന്നത്. ട്രംപിനെ പ്രീതിപ്പെടുത്താന്‍ സ്വന്തം തെരുവുകളും സ്വന്തം നാടും സമ്പത്തുമാണ് ജനങ്ങള്‍ ചുട്ടെരിക്കുന്നതെന്നും അമേരിക്കന്‍ സ്വാധീനത്തിന് വശംവദരായി രാജ്യം ഇല്ലാതാക്കുന്നുവെന്നുമായിരുന്നു ടെഹ്റാനില്‍ ഖമനയിയുടെ പ്രസംഗം. ട്രംപിനെതിരെയും ഖമനയി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അഹങ്കാരിയായ യുഎസ് നേതാവ് ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നോക്കുകയാണെന്നും 1979 ലെ വിപ്ലവത്തിന് മുന്‍പ് ഇറാന്‍ ഭരിച്ചിരുന്ന സാമ്രാജ്യത്വ ശക്തിയെപ്പോലെയാണ് ട്രംപ് എന്നും ഖമനയി ആരോപിച്ചു. ട്രംപ് സഹായത്തിനെത്തുമെന്നാണ് പ്രതിഷേധക്കാരുടെ പ്രതീക്ഷ. ഇറാനില്‍ കണ്ണുംനട്ടിരിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതാണ് ട്രംപിന് നല്ലതെന്നും ഖമനയി മുന്നറിയിപ്പ് നല്‍കി.
ഡിസംബര്‍ അവസാന വാരമാണ് ഇറാനിലെങ്ങും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് വടക്കന്‍ ടെഹ്റാനിലും രാജ്യത്താകെയും വ്യാപിക്കുകയായിരുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര വലിയ പ്രക്ഷോഭത്തിന് ഇറാന്‍ സാക്ഷിയാകുന്നത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ഖമനയി വിരുദ്ധ മുദ്രാവാക്യങ്ങളുമാണ് തെരുവുകളില്‍ ജനങ്ങള്‍ ഉറക്കെ മുഴക്കുന്നത്.