ഇറാനിലെ തെരുവുകള്‍ കത്തിക്കാളുകയാണ്. അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളം. ഫോണും ഇന്‍റര്‍നെറ്റുമെല്ലാം നിരോധിച്ചതിനാല്‍ ഒന്നും നമുക്ക് നേരിട്ട് കാണാന്‍ കഴിയുന്നില്ലെന്ന് മാത്രം. ഡിസംബറില്‍ ടെഹ്‍റാനില്‍ വ്യാപാരികള്‍ തുടങ്ങിയ പ്രതിഷേധം രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം വെള്ളിയാഴ്ച 62 ആയി. 48 പ്രക്ഷോഭകാരികളും 14 സുരക്ഷാഭടന്മാരും. 2200 പേര്‍ തടവിലായി. എന്താണ് ഇറാന്‍ ജനതയെ ഇത്ര വലിയ പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത്?
വിലക്കയറ്റമാണ് ഇറാന്‍ ജനതയെ വീണ്ടും തെരുവിലിറക്കിയത്. റിയാലിന്‍റെ വില ഇടിഞ്ഞതോടെ രാജ്യം എക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. അരിക്കും ഇറച്ചിക്കും പച്ചക്കറികള്‍ക്കുമെല്ലാം വന്‍ വിലക്കയറ്റം. ഒപ്പം സര്‍ക്കാര്‍ ഇന്ധനവില കൂടി വര്‍ധിപ്പിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയായി. ഡിസംബര്‍ 28 മുതലാണ് പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയത്. ഇറാനിലെ 31 പ്രവിശ്യകളിലെ 340 ഇടങ്ങളില്‍ ജനം രാപകലില്ലാതെ തെരുവിലിറങ്ങി. കടകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകളും തീയിട്ടു. റോഡ് തടഞ്ഞു. ടെഹ്റാനിലടക്കം തെരുവുകള്‍ കത്തുകയാണ്.
ജനം നിയന്ത്രണം വിട്ടതോടെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടു. പൊലീസും അര്‍ധസൈനികരും പട്ടാളവുമെല്ലാം ജനങ്ങള്‍ക്കുനേരെ തിരിഞ്ഞു. പ്രക്ഷോഭകരെ തൊട്ടാല്‍ വിവരമറിയുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ ഭരണകൂടത്തിന് പരസ്യമായി താക്കീത് നല്‍കിയതോടെ സംഗതി പുതിയ തലത്തിലെത്തി. ട്രംപിനെ സന്തോഷിപ്പിക്കാന്‍ പ്രക്ഷോഭകര്‍ സ്വന്തം നിരത്തുകള്‍ മലിനമാക്കുകയാണെന്നായിരുന്നു ഖമനയിയുടെ പ്രതികരണം. ട്രംപ് അമേരിക്കയിലെ കാര്യം നോക്കിയാല്‍ മതിയെന്നും തിരിച്ചടിച്ചു.
പ്രക്ഷോഭം കൈവിട്ടതോടെ ഇറാനിയന്‍ ഭരണകൂടം ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. രാജ്യത്ത് ഒരിടത്തും നെറ്റ്‌വര്‍ക്ക് കിട്ടാത്ത സ്ഥിതിയാണെന്ന് ഇന്‍റര്‍നെറ്റ് മോണിറ്ററിങ് ഗ്രൂപ്പായ നെറ്റ്ബ്ലോക്സ് റിപ്പോര്‍ട്ട് ചെയ്തു. ഫോണുകളും നിശ്ചലമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സഞ്ചാരവിലക്കും റിപ്പോര്‍ട്ടിങ് നിയന്ത്രണവും കൂടിയായതോടെ ആര്‍ക്കും ഒന്നുമറിയാന്‍ കഴിയാത്ത അവസ്ഥ. ഇറാന് പുറത്തുള്ള ഇറാനിയന്‍ പൗരന്മാരും ഇറാനിയന്‍ വംശജരും നാട്ടിലുള്ള ബന്ധുക്കള്‍ ഏതവസ്ഥയിലാണെന്ന് അറിയാതെ വലയുന്നു.
2022ല്‍ ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ ഇരുപത്തിരണ്ടുകാരി മഹ്‍സ അമീനിയെ സദാചാര പൊലീസ് കൊലപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തെക്കാള്‍ ആഴവും പരപ്പുമുള്ളതാണ് ഇപ്പോഴത്തെ പ്രതിഷേധം. അതിന്‍റെ സാധ്യത മുന്നില്‍ക്കണ്ട് പഴയ ഇറാന്‍ ഭരണാധികാരികളായ പഹ്‍ലവി രാജവംശത്തിലെ പുതുതലമുറക്കാരന്‍ റിസ പഹ്‌ലവി പ്രക്ഷോഭകര്‍ക്കൊപ്പമുണ്ട്. അമേരിക്കയില്‍ താമസിക്കുന്ന റിസ നേരത്തേ ഇസ്രയേലില്‍ എത്തി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ കണ്ടിരുന്നു.
വെനസ്വേലയ്ക്കുശേഷം ഇറാനോ?
ഇറാനില്‍ അമേരിക്ക നേരിട്ടൊരു ഇടപെടലിന് മുതിരുമോ? അതില്‍ ഇസ്രയേലിന്‍റെ പങ്കെന്താകും? ലോകം ഉറ്റുനോക്കുന്ന ചോദ്യമാണിത്. പ്രക്ഷോഭത്തോടുള്ള ഇറാന്‍ ഭരണകൂടത്തിന്‍റെ സമീപനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നാണ് ട്രംപ് പറയുന്നത്. പ്രക്ഷോഭകരെ സംരക്ഷിക്കാനുള്ള ശേഷിയും തയാറെടുപ്പുമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്‍റ് പച്ചയ്ക്ക് പറയുന്നതും വെനസ്വേലയുടെ അനുഭവം വച്ച് തള്ളിക്കളയാനാവില്ല. ജൂണില്‍ 12 ദിവസത്തോളം ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ നിന്ന് ഇറാന്‍ കരകയറിയിട്ടില്ല എന്നുകൂടി ഓര്‍ക്കണം. അന്ന് ഖമനയിയെ വധിക്കാതെ വിട്ടതാണെന്ന് ട്രംപ് വീരവാദം മുഴക്കിയതും ഇറാന്‍ ഭരണകൂടത്തിന്‍റെ ഓര്‍മയിലുണ്ടാകും.
നിക്കൊളാസ് മഡുറോയെ പിടികൂടിയ ഡെല്‍റ്റ ഫോഴ്സിനെ ഇറാന് സമീപം എത്തിച്ചിട്ടുണ്ടെന്നും അമേരിക്കയുടെ മറ്റ് സൈനിക വ്യൂഹങ്ങളും ചരക്കുവിമാനങ്ങളുമെല്ലാം ഇറാന്‍റെ പരിസരത്തുണ്ടെന്നും ചില പ്രതിരോധ വെബ്സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒപ്പം അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനും ട്രംപ് വിമര്‍ശകനുമായ ജെഫ്രി സാക്‌സിന്‍റെ പരാമര്‍ശങ്ങളും വരാനിരിക്കുന്ന സൈനിക ഇടപെടലിന്‍റെ സൂചനയായി ഉയര്‍ത്തിക്കാട്ടപ്പെടുന്നുണ്ട്. മഡുറോയ്ക്കുശേഷം ട്രംപിന്‍റെ അടുത്ത ലക്ഷ്യം ഖമനയി ആണെന്നാണ് സാക്‌സിന്‍റെ പ്രസ്താവന. ഏതായാലും വെനസ്വേലയില്‍ കയറിയതുപോലെ ആയിരിക്കില്ല ഇറാനിലുള്ള കടന്നുകയറ്റം. അതിന് ട്രംപും ലോകവും ഇറാനും നല്‍കേണ്ടിവരുന്ന വില എന്താകുമെന്നാണ് ഏറ്റവും വലിയ ആശങ്കയും ആകാംക്ഷയും.