അബുദാബി ഗന്തൂത്തിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ നാല് സഹോദരങ്ങൾക്ക് പ്രവാസ ലോകം കണ്ണീരണിഞ്ഞ യാത്രാമൊഴിയേകി. അഷാസ്, അമ്മാർ, അസാം, അയാഷ് എന്നിവരുടെ ഭൗതികശരീരങ്ങൾ ദുബായ് മുഹൈസിനയിലെ അൽ ഷുഹാദ പള്ളിയിൽ നടന്ന അസർ നമസ്കാരത്തിന് ശേഷം, സോനാപൂർ കബർസ്ഥാനിൽ അടുത്തടുത്തായി ഖബറടക്കി.
ചികിത്സയിൽ കഴിയുന്ന മാതാപിതാക്കളെയും സഹോദരിയെയും ആശുപത്രിയിലെത്തിച്ച് മക്കളുടെ മൃതദേഹങ്ങൾ അവസാനമായി കാണിച്ചിരുന്നു. പരുക്കുകൾ അവഗണിച്ച് വീൽചെയറിൽ മക്കളുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ പിതാവ് അബ്ദുൽ ലത്തീഫ് ദുബായിൽ എത്തി.
ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ വീട്ടുജോലിക്കാരിയടക്കം അഞ്ചുപേരുടെ ജീവനാണ് ഈ കുടുംബത്തിന് നഷ്ടമായത്. പ്രിയപ്പെട്ട സഹപാഠികളുടെ വിയോഗവാർത്തയറിഞ്ഞ ദുബായ് അറബ് യൂണിറ്റി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും അന്ത്യ യാത്രക്ക് സാക്ഷികളായി. പരുക്കേറ്റ മാതാവ് റുക്സാനയും സഹോദരി ഇസ്സയും നിലവിൽ അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ തുടരുകയാണ്.