യു.എ.ഇയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്നലെ വൈകിട്ട് മുതൽ നടന്ന പ്രത്യേക ശുശ്രൂഷകളിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കുചേർന്നത്.
ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ വിവിധ രാജ്യക്കാർക്കായി നടന്ന വിവിധ ഭാഷകളിലെ തിരുകർമ്മങ്ങളിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഡിയോണിസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു.
ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന തീജ്വാല ശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും റവ. ഡോ. ഷാജി ജോർജ് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകി.വിവിധ ചടങ്ങുകളിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ക്രിസ്മസ് ദിനമായ ഇന്ന് വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് എമിറേറ്റുകളിൽ സംഘടിപ്പിച്ചത്. ഔദ്യോഗിക അവധിയില്ലെങ്കിലും ഒട്ടുമിക്ക സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് അവധി നൽകിയത് ആഘോഷങ്ങൾക്ക് ഇരട്ടി ആവേശമായി.