സൈബർ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ 'ബ്ലാക്ക് ഹാറ്റ്' സൈബർ സുരക്ഷാ പ്രദർശനമേള റിയാദിൽ സമാപിച്ചു. സൈബർ സുരക്ഷാ രംഗത്തെ ഏറ്റവും പുതിയ വെല്ലുവിളികളും സാങ്കേതികവിദ്യകളും മേളയിൽ ചർച്ചയായി. തുടർച്ചയായ മൂന്നാം തവണയാണ് റിയാദ് ആഗോള മേളയ്ക്ക് വേദിയാകുന്നത്.
140 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 450 സ്ഥാപനങ്ങളും അരലക്ഷത്തിലധികം സന്ദർശകരും മേളയുടെ ഭാഗമായി. 330 പ്രഭാഷകരിൽ ഏക മലയാളിയായിരുന്ന ട്രെൻഡ് മൈക്രോ സൗദി-ബഹ്‌റൈൻ മേധാവി അമീർ ഖാൻ അവതരിപ്പിച്ച 'സൈബർ സുരക്ഷ' യാഥാർത്ഥ്യവും സങ്കൽപ്പവും' എന്ന വിഷയം ശ്രദ്ധേയമായി . നിർമിത ബുദ്ധി ഉപയോഗിച്ച് നടക്കുന്ന സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ നിർമിത ബുദ്ധി തന്നെ ഉപയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സൈബർ സുരക്ഷാ പ്രതിഭകളെ കണ്ടെത്തുന്നതിനായി 'കാപ്ചർ ദി ഫ്ലാഗ്' എന്ന ഹാക്കിംഗ് മത്സരവും മേളയുടെ ഭാഗമായി നടന്നു. മത്സരത്തിലെ വിജയികൾക്ക് 70 ലക്ഷം സൗദി റിയാലാണ് സമ്മാനമായി നൽകിയത്. സൈബർ ലോകത്തെ പുതിയ ഭീഷണികളെക്കുറിച്ചും പ്രതിരോധങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് റിയാദ് ബ്ലാക്ക് ഹാറ്റ് വേദിയായി. മുൻപ് അമേരിക്കയിൽ മാത്രം നടന്നിരുന്ന മേള തുടർച്ചയായ മൂന്നാം വർഷവും റിയാദ് വേദിയായത് മിഡിൽ ഈസ്റ്റിലെ സാങ്കേതിക വളർച്ചയ്ക്ക് അടിവരയിടുന്നു. ആഗോള തലത്തിൽ സൈബർ സുരക്ഷാ മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നാണ് ഇത്തവണത്തെ മേള സമാപിച്ചത്.