കലയും സംസ്കാരവും സമ്മേളിക്കുന്ന ഇരുപതാമത് "ആർട് നൈറ്റ്‌സ്" എക്സിബിഷൻ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ ആരംഭിച്ചു. നാലു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം കലാകാരൻമാർ പങ്കെടുക്കുന്നുണ്ട്. പ്രദർശനത്തിൽ പങ്കെടുക്കുന്ന ഏക മലയാളിയായ അടൂർ സ്വദേശി ബിനു വർഗീസിന്റെ ഫോട്ടോഗ്രാഫി പ്രദർശനവും മേളയിലുണ്ട്.
ഡിജിറ്റല്‍ ആര്‍ട്ട്, ഫോട്ടൊഗ്രാഫി, ഇൻസ്റ്റലേഷൻസ് ,വർക്ക്‌ഷോപ്പുകൾ, സംഗീത വിരുന്നുകൾ എന്നിങ്ങനെ വിവിധങ്ങളായ കലാസൃഷ്ടികൾ മേളയിലെ സൗന്ദര്യ കാഴ്ചകളാണ് .അപൂര്‍വ ശില്‍പ്പങ്ങളുടെ വേറിട്ട കാഴ്ചകളും ഇവിടുത്ത പ്രത്യേകതയാണ്. പല രൂപത്തിലും ഭാവത്തിലുമുളള ശില്പകലയുടെ വൈദഗധ്യം കാഴ്ചക്കാര്‍ക്ക് മറക്കാനാകാത്ത അനുഭവം സമ്മാനിക്കുന്നു.
മലയാളി ഫൊട്ടോഗ്രാഫർ ബിനു കെ. വർഗീസിന്റെ ചിത്രങ്ങളും പ്രദർശനത്തെ വേറിട്ടതാക്കി. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അടൂർ സ്വദേശിയായ ബിനു, തന്റെ യാത്രകളിൽ നിന്നും പകർത്തിയ അഞ്ച് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. കലയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ചിന്തകരെയും സമൂഹത്തെയും ഒരുമിപ്പിച്ച കലാവിരുന്ന് നാളെ അവസാനിക്കും.