സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അനുഭവപ്പെട്ട കനത്ത പേമാരിയില്‍ റോഡു ഗതാഗതം താറുമാറായി. ഗ്രാന്‍ഡ് മോസ്‌കിന് ചുറ്റുമുള്ള പ്രദേശം ഉള്‍പ്പെടുന്ന മധ്യ മക്കയില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. മക്കയിലും പരിസര പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
അപ്രതീക്ഷിതമായി പെയ്ത പേമാരിയില്‍ മക്കയിലെ നിരവധി റോഡുകള്‍ വെളളത്തിനടിയിലായി. ഇവിടങ്ങളില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകിപ്പോയി. ദക്ഷിണ മക്കയിലെ ദിഫാഖ് ജില്ലയിലാണ് പൊടിക്കാറ്റും പേമാരിയും ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. തുടര്‍ച്ചയായ പേമാരിയും ആലിപ്പഴ വര്‍ഷവും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ഇടയാക്കും. അതുകൊണ്ടുതന്നെ താഴ്ന്ന പ്രദേശങ്ങളിലും താഴ്‌വരകളിലും തുരങ്കങ്ങളിലും സഞ്ചാരം ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ മുതല്‍ തിങ്കള്‍ വരെ നാലു ദിവസം സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ മഴയും പൊടിപടലം നിറഞ്ഞ കാറ്റും കാഴ്ച മറക്കുന്നതിനാല്‍ മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നു സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.