Relatives and supporters of hostages held by Hamas in the Gaza Strip attend a rally calling for their immediate release in Tel Aviv, Israel, Saturday, Nov. 1, 2025. (AP Photo/Mahmoud Illean)
ഗാസ സമാധാനക്കരാറിന്‍റെ ഭാഗമായി കൈമാറിയ ബന്ദികളുടെ മൃതദേഹങ്ങളില്‍ ഹമാസ് കൃത്രിമം കാണിക്കുന്നുവെന്ന് ഇസ്രയേല്‍. റെഡ് ക്രോസ് വഴി കൈമാറിയ മൃതദേഹങ്ങളില്‍ മൂന്നെണ്ണം ഒക്ടോബര്‍ ഏഴിന് ബന്ദികളാക്കി കൊണ്ടുപോയവരുടേത് അല്ലെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ ആരോപണം. ഫൊറന്‍സിക് പരിശോധനയില്‍ ഇത് തെളിഞ്ഞുവെന്നും സൈന്യം പറയുന്നു.
ജീവനോടെ ശേഷിച്ച 20 പേരെ ഹമാസ് കൈമാറി. 17 മൃതദേഹങ്ങളും കൈമാറി. എന്നാല്‍ ഇതില്‍15 പേര്‍ മാത്രമായിരുന്നു ഇസ്രയേലികള്‍. നേപ്പാള്‍, തായ്ലന്ഡ് സ്വദേശികളുടേതായിരുന്നു മറ്റ് രണ്ടെണ്ണം. എന്നാല്‍ കാണാതായ പട്ടികയില്‍ ഇല്ലാത്ത ഒരു മൃതദേഹം ഹമാസ് നല്‍കിയെന്നും ഇത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഐഡിഎഫ് പറയുന്നു. ഇതിന് പുറമെ തടവിലിരിക്കെ കൊല്ലപ്പെട്ട ഇസ്രയേല്‍ പൗരന്‍റെ മൃതദേഹാവശിഷ്ടവും ഇതിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ മൃതദേഹം നേരത്തെ തന്നെ ഇസ്രയേല്‍ വീണ്ടെടുത്തതിനാല്‍ നിലവിലെ കൈമാറ്റം വലിയരോഷത്തിന് വഴിവയ്ക്കുകയും ചെയ്തു.
ഹമാസ് ഉടമ്പടി ലംഘിച്ചുവെന്നും ശേഷിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ അതിവേഗം കൈമാറിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും ഐഡിഎഫ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പരമാവധി വേഗത്തിലാണ് ബന്ദികളെ കൈമാറിയതെന്നും മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറുന്നതിലും വീഴ്ച വരുത്തിയിട്ടില്ലെന്നും ഹമാസ് വ്യക്തമാക്കുന്നു. ഗാസയില്‍ പലയിടങ്ങളിലായാണ് മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും ഇസ്രയേല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ അവയ്ക്കിടയില്‍ നിന്ന് ശേഖരിക്കാനുള്ള ബുദ്ധിമുട്ടാണ് കാലതാമസം ഉണ്ടാക്കുന്നതെന്നുമാണ് ഹമാസിന്‍റെ വിശദീകരണം.
റാഫയില്‍ ഇസ്രയേല്‍ സൈനികനെ ഹമാസ് ആക്രമിച്ചെന്ന പേരില്‍ ഐഡിഎഫ് നടത്തിയ വ്യോമാക്രമണത്തില്‍ 104ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസ് ഇക്കാര്യം നിഷേധിച്ചെങ്കിലും ഇസ്രയേല്‍ ആക്രമണം തുടരുകയും പിന്നീട് വെടിനിര്‍ത്തല്‍ നിലവിലുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കരാര്‍ ലംഘിച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അമേരിക്ക പിന്തുണയ്ക്കുകയും ചെയ്തിരുന്നു.