An Israeli army flare drifts over an area in the northern Gaza Strip, as seen from southern Israel, Tuesday, Oct. 28, 2025. (AP Photo/Leo Correa)
വെടിനിര്‍ത്തല്‍ കാറ്റില്‍പ്പറത്തി വീണ്ടും ഇസ്രയേല്‍. നെതന്യാഹുവിന്‍റെ നിര്‍ദേശപ്രകാരം നടത്തിയ ആക്രമണത്തില്‍ ഗാസയില്‍ പലയിടങ്ങളിലായി 30 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിക്കുകയും ഇസ്രയേല്‍ സൈനികനെ ആക്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ആക്രമണം. ഹമാസിന്‍റെ നടപടിയോടുള്ള പ്രതികരണം മാത്രമാണിതെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി കാറ്റ്സ് വ്യക്തമാക്കി. അതേസമയം, എവിടെ വച്ചാണ് ഇസ്രയേല്‍ സൈനികരെ ഹമാസ് ആക്രമിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാല്‍ റാഫയില്‍ നടന്ന വെടിവയ്പുമായി ബന്ധമില്ലെന്നും തങ്ങള്‍ ഇസ്രയേല്‍ സൈന്യത്തെ ആക്രമിച്ചിട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി.
'ഹമാസാണോ മറ്റാരെങ്കിലുമാണോ എന്ന് കൃത്യമായ ധാരണയില്ല. പക്ഷേ ഇസ്രയേല്‍ സൈനികന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ഇസ്രയേല്‍ മറുപടിയും നല്‍കും'. എങ്കിലും ട്രംപിന്‍റെ സമാധാന ഉടമ്പടി നിലനില്‍ക്കുമെന്നും യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് പറഞ്ഞു.
മൂന്ന് വ്യോമാക്രമണങ്ങളാണ് ഉണ്ടായതെന്നും അല്‍ ഷിഫ ആശുപത്രിക്ക് നേരെ ആക്രമണം നടന്നുവെന്നും ആശുപത്രിക്ക് പിന്നിലായി പതിച്ച ബോംബ് പൊട്ടിത്തെറിച്ച് കാറിലിരുന്ന അഞ്ചുപേര്‍ കൊല്ലപ്പെട്ടുവെന്നും ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. അതേസമയം, ബന്ദികളുടെ അവശിഷ്ടങ്ങള്‍ കൈമാറുന്നത് ഇന്നും തുടരുമെന്ന് ഹമാസ് വ്യക്തമാക്കി.
ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറുന്നത് വേഗത്തിലാക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഹമാസ് നടപടികള്‍ വൈകിപ്പിക്കുകയാണെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. എന്നാല്‍ ഗാസയില്‍ പലയിടങ്ങളിലായാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെന്നും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍ നിന്നും ഇവ വീണ്ടെടുക്കാനുള്ള കാലതാമസമാണ് നിലവിലുള്ളതെന്നും ഹമാസ് പറയുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ജീവനോടെ ശേഷിച്ച 20 ബന്ദികളെയും വിട്ടയച്ചു. ഇനി16 പേരുടെ കൂടി ഭൗതികാവശിഷ്ടങ്ങള്‍ കൈമാറാനുണ്ട്.