'നൂർ -പ്രകാശത്തിന്‍റെ ഉത്സവം' എന്ന പേരിൽ ദുബായിലെ ദീപാവലി ആഘോഷങ്ങൾക്ക് അൽ-സീഫ് സ്ട്രീറ്റിൽ തുടക്കമായി. ഇന്ത്യൻ കോൺസുലേറ്റിന്‍റെ സഹകരണത്തോടെ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്‍റ്സ് ആണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കു നേതൃത്വം നൽകുന്നത് .
ദുബായ് അൽ സീഫിലെ പ്രധാന വേദിയിൽ, ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ദുബായ് ഫെസ്റ്റിവൽ ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ടിങ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഫെറാസ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്.
സൂപ്പർ ഹിറ്റ് ഹിന്ദി ഗാനങ്ങൾ ഉൾപ്പെടുത്തി ദുബായ് പൊലീസിലെ ബാൻഡ് സംഘം ഒരുക്കിയ സംഗീത പരിപാടി വേദിയിൽ അവതരിപ്പിച്ചത് കാണികൾക്ക് കൗതുകമായി. തുടർന്ന് നടന്ന വെടിക്കെട്ട് കാണാൻ നൂറ് കണക്കിനാളുകളാണ് അൽ സീഫ് സ്ട്രീറ്റിലേക്ക് ഒഴുകിയെത്തിയത്.
ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഗ്ലോബൽ വില്ലേജിൽ വർണ്ണശബളമായ കരിമരുന്ന് പ്രകടനം ഉണ്ടാകും. ഇന്ത്യ പവലിയനിൽ പ്രത്യേക സാംസ്കാരിക പരിപാടികളും, പ്രധാന വേദിയിൽ ബോളിവുഡ് പ്രകടനങ്ങളും അരങ്ങേറും.