സൗദി അറേബ്യയില്‍ റസിഡന്റ് പെര്‍മിറ്റ് നേടാത്തവര്‍ക്കും , വീസ കാലാവധി കഴിഞ്ഞവർക്കും രാജ്യം വിടാന്‍ അവസരം നല്‍കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. പിഴയും ശിക്ഷയും ഇല്ലാതെ ഫൈനല്‍ എക്‌സിറ്റ് വീസ നേടുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഫൈനല്‍ എക്‌സിറ്റ് നേടുന്നതിന് ചുരുങ്ങിയത് 30 ദിവസം റസിഡന്റ് പെര്‍മിറ്റായ ഇഖാമ കാലാവധി ആവശ്യമാണെന്നാണ് ചട്ടം. എന്നാല്‍ റിയാദ് ഇന്ത്യന്‍ എംബസി വഴി അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഫൈനല്‍ എക്‌സിറ്റ് വീസ നല്‍കിയിരുന്നു. ഇതിന് മൂന്നു മുതല്‍ നാലു മാസം വരെ സമയം എടുത്തിരുന്നു. ഇതിനു പകരമാണ് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം.
രാജ്യത്ത് നടക്കുന്ന പരിശോധനകളില്‍ ശരാശരി 15,000 നിയമ ലംഘകരാണ് ഓരോ ആഴ്ചയും പിടിയിലാകുന്നത്. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ അഭയം നല്‍കിയതിനു ശേഷം ഓരോ രാജ്യങ്ങളുടെയും എംബസികള്‍ വഴി ഔട്ട് പാസ് നേടി സൗദി അറേബ്യയുടെ ചെലവില്‍ മാതൃരാജ്യങ്ങളിലേയ്ക്കു മടക്കി അയക്കുകയാണ് പതിവ്. ഇതു ഏറെ ശ്രമകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ടു കൈവശമുളളവരും യാത്രാ ടിക്കറ്റു സ്വന്തം ചെലവില്‍ എടുക്കുന്നവര്‍ക്കും പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാന്‍ അവസരം ഒരുക്കുന്നത്. കുറ്റകൃത്യങ്ങള്‍, പണമിടപാട് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്നത്.