തെരുവിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചകൾക്ക് സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തണലൊരുക്കിയ ഒരു ഇടമുണ്ട് ദുബായിൽ. 39 വർഷമായി ദുബായിലെ മുഹൈസിന 4ൽ താമസിക്കുന്ന ആയിഷ എന്ന സ്ത്രീയാണ് തന്റെ രണ്ടു മുറി ഫ്ലാറ്റിൽ 65 ലധികം വരുന്ന മിണ്ടാപ്രാണികൾക്ക് വീടൊരുക്കിയത് . എന്നാൽ, വർഷങ്ങളായി കൂടെപ്പിറപ്പുകളെപ്പോലെ സംരക്ഷിച്ച പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആയിഷ ഇപ്പോൾ. കെട്ടിട കാവൽക്കാരന്റെ പരാതിയെത്തുടർന്ന് ഫ്ലാറ്റ് ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെ പൂച്ചകളെയും കൂട്ടി എങ്ങോട്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണ് ആയിഷ.
പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള ആയിഷ റാഷിദ്, ദുബായിലെ മുഹൈസിന 4-ലെ രണ്ട് മുറി ഫ്ലാറ്റാണ് തന്റെ 65-ൽ അധികം പൂച്ചകൾക്കായി വാടകയ്ക്ക് എടുത്തിരിക്കുന്നത്. കോവിഡ്-19 കാലത്ത് തുടങ്ങിയ കരുതൽ, ഇന്ന് ആയിഷയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. നിത്യവും 120 മുതൽ 150 തെരുവു പൂച്ചകൾക്ക് ഭക്ഷണം നൽകുന്ന ആയിഷ, തന്റെ 7000 ദിർഹം ശമ്പളത്തിൽ നിന്ന് 5000 ദിർഹം വരെ പ്രതിമാസം ഈ ജീവികൾക്കായി ചെലവഴിക്കുന്നു. ഫ്ലാറ്റ് വാടകയും, ഒരു കണ്ണ് നഷ്ടപ്പെട്ടതും കാലിന് പരുക്കേറ്റതുമായ പൂച്ചകളടക്കമുള്ളവയുടെ ആശുപത്രി ചെലവുകളും ഇതിന് പുറമെയാണ്.
രക്താർബുദത്തിന് ചികിത്സയിലുള്ള മാതാവിന്റെ പിന്തുണയാണ് ആയിഷയുടെ ഈ ഉദ്യമത്തിലെ ഏറ്റവും വലിയ ശക്തി. ആയിഷ ജോലിക്ക് പോകുമ്പോൾ പൂച്ചകളെ പരിചരിച്ചും സംസാരിച്ചും അമ്മ കൂടെയിരിക്കും. കൂടാതെ, ആയിഷയുടെ സഹോദരൻ ഡോക്ടർ ഹമാദും സഹായത്തിനായി ഇടക്ക് വരാറുണ്ട്. എന്നാൽ, കെട്ടിട കാവൽക്കാരൻ പരാതിപ്പെട്ടതിനെ തുടർന്ന്, ഫ്ലാറ്റുകളിൽ തെരുവു പൂച്ചകളെ താമസിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് കെട്ടിട മാനേജ്‌മെന്റ് ആയിഷയോട് ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിസംബർ വരെ കാലാവധിയുണ്ടായിരുന്ന ഫ്ലാറ്റ്, ഈ മാസം അവസാനത്തോടെ ഒഴിയണമെന്നാണ് നിർദ്ദേശം.
മിണ്ടാപ്രാണികളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന രാജ്യമാണ് യുഎഇ. മുൻപും ദുബായ് ഭരണാധികാരികൾ മിണ്ടാപ്രാണികൾക്ക് പ്രത്യേക പരിഗണന നൽകി ലോകത്തിന് മാതൃകയായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, തങ്ങളുടെ 65 പൂച്ചകൾക്ക് സുരക്ഷിതമായ ഒരിടം കണ്ടെത്താൻ അധികൃതരുടെ ഭാഗത്തുനിന്നുള്ള സഹായവും പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രോഗിയായ അമ്മയും മകളും.