95-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി സൗദിയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം. ‘നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിലാണ് ’ എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടികള്‍. സെപ്തംബര്‍ 23നാണ് ദേശീയ ദിനം.
റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളില്‍ ഇന്നലെ മുതല്‍ വിവിധ ആഘോഷ പരിപാടികള്‍ക്കാണ് തുടക്കമായത്. ഔദ്യോഗിക പരിപാടികള്‍ നാളെ മുതല്‍ 27 വരെ രാജ്യത്തെ 13 പ്രവിശ്യകളിലും അരങ്ങേറും. ദമ്മാം കിംഗ് അബ്ദുല്‍ അസീസ് വേള്‍ഡ് കള്‍ച്ചര്‍ സെന്ററില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഒരുക്കിയിട്ടുളളത്. സംഗീത കച്ചേരികള്‍, പരമ്പരാഗത ഗോത്ര കലാരൂപമായ അര്‍ദ നൃത്തനൃത്യങ്ങള്‍, വിവിധ വിഷയങ്ങളില്‍ ശില്പശാലകള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും.
രാജ്യത്തിന്റെ പൈതൃകം, കല, സംഗീതം എന്നിവയിലൂടെ സാംസ്‌കാരിക വൈവിധ്യം ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യം. ജിദ്ദയിലെ പൈതൃക നഗരമായ അല്‍ ബലദില്‍ സ്വദേശികളും വിദേശികളും പങ്കെടുത്ത കൂട്ട ഓട്ടത്തോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച് സൗദി ചരിത്രം അടയാളപ്പെടുത്തുന്ന നിരവധി പരിപാടികള്‍ക്കാണ് അല്‍ ബലദ് വേദിയാവുക. കൂടാതെ എയർഷോ , കരിമരുന്ന് പ്രദർശനം ഉൾപ്പെടെ നിരവധി പരിപാടികളാണ് റിയാദിൽ നടക്കുന്നത്.