സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി സുപ്രീം കോടതി തളളി. ഇതോടെ റഹീമിനെതിരെയുളള കോടതി നടപടി അവസാനിച്ചു. 19 വര്‍ഷത്തിലധികം തടവില്‍ കഴിഞ്ഞ സാഹചര്യത്തില്‍ റഹീമിന്റെ മോചനം ഏതു സമയവും പ്രതീക്ഷിക്കാം.
ഏറെ പ്രമാദമായ കേസില്‍ അബദുറഹീമിനെതിരെ നേരത്തെ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ദിയാ ധനം നല്‍കിയതിനെ തുടര്‍ന്ന് കുടുംബം മാപ്പുനല്‍കിയതോടെയാണ് വധ ശിക്ഷ റദ്ദാക്കിയത്. പബ്‌ളിക് റൈറ്റ് പ്രകാരം വിചാരണ നേരിട്ട റഹീമിന് ഈ വര്‍ഷം ജൂലൈ 26ന് റിയാദ് ക്രിമിനല്‍ കോടതി ഇരുപത് വര്‍ഷം തടവു ശിക്ഷ വിധിച്ചു. വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും ജൂലൈ 9 ന് കോടതി തളളി. തുടര്‍ന്നാണ് സുപ്രീം കോടതയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
ഇതും തളളിയതോടെ റഹീമിനെതിരെ ഇനി കോടതി നടപടി ഉണ്ടാവില്ല. റിയാദ് ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റഹീമിന് ഇന്ത്യയിലേയ്ക്കു മടങ്ങാന്‍ കഴിയും. സുപ്രീം കോടതി വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു