ദുബായില്‍ 218 കോടി രൂപ വിലമതിക്കുന്ന അപൂർവ രത്‌നം മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് ഏഷ്യൻ വംശജര്‍ അറസ്റ്റില്‍. രത്നം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് ഇവർ തട്ടിപ്പിന് ശ്രമിച്ചത്. രത്ന വ്യാപാരിയുടെ സമയോചിതമായ ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്.
രത്നം വിൽക്കുന്നതിനായി മറ്റൊരു രാജ്യത്തുനിന്നാണ് വ്യാപാരി ഇത് ദുബായിൽ എത്തിച്ചത്. ഇതറിഞ്ഞ പ്രതികൾ, രത്നം വാങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് വ്യാപാരിയെ സമീപിച്ചു. ഒരു വിദഗ്ധനെയും കൂട്ടി ആഡംബര കാറിലെത്തിയ സംഘം ഒരു തരത്തിലുള്ള സംശയവും തോന്നാത്ത വിധത്തിലായിരുന്നു പെരുമാറിയത്. രത്നം പരിശോധിക്കുന്നതിനിടെ ഇവർ തന്ത്രപരമായി അത് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
എന്നാൽ, രത്നം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ വ്യാപാരി പോലീസിനെ സമീപിച്ചു. പരാതി ലഭിച്ച ഉടൻ ദുബായ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എട്ട് മണിക്കൂറിനുള്ളിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മോഷ്ടിച്ച രത്നം ഫ്രിഡ്ജിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. മറ്റൊരു രാജ്യത്തേക്ക് ഇത് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചു. ഈ തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. പിടികൂടിയ പ്രതികളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.