File Image: Reuters
ഇസ്രയേലിലെ തന്ത്രപ്രധാന കേന്ദ്രമായ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഹൂതികള്‍. ഹൈപ്പര്‍സോണിക് മിസൈലായ പലസ്തീന്‍ –2ആണ് തൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം കൃത്യവും ലക്ഷ്യം കണ്ടതുമായിരുന്നുവെന്നും ഹൂതികള്‍ അവകാശപ്പെടുന്നു. അതേസമയം, വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. ഹൂതികളുടെ മിസൈലിനെ വ്യോമപ്രതിരോധ സംവിധാനം തിരിച്ചറിയുകയും നിര്‍വീര്യമാക്കുകയും ചെയ്തെന്നാണ് സൈന്യം വിശദീകരിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഹൂതികളുടെ ആക്രമണം ഉണ്ടായത്. എന്നാല്‍ ഇസ്രയേലില്‍ എങ്ങും അപായ സൈറണ്‍ മുഴങ്ങിയില്ലെന്നും ഐഡിഎഫ് വിശദീകരിക്കുന്നു. ചൊവ്വാഴ്ച മുതല്‍ ഇസ്രയേലിന് നേരെ ഡ്രോണ്‍ ആക്രമണം ഹൂതികള്‍ സജീവമാക്കിയിരുന്നു. ഹാഫിയ, നെഗേവ് മരുഭൂമി, എലിയട്ട്, ബേര്‍ഷീബ എന്നിവടങ്ങള്‍ ലക്ഷ്യമിട്ട് ആറ് ഡ്രോണുകള്‍ പറന്നെത്തിയെന്നാണ് ഹൂതികള്‍ വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടത്. എല്ലാ ആക്രമണങ്ങളും ലക്ഷ്യം നിര്‍വഹിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഹൂതികളുടേത് വ്യാജവാദമാണെന്നും എലിയട്ട് ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തീരത്ത് വച്ച് സൈന്യം വെടിവച്ചിട്ടെന്നും മറ്റ് അഞ്ച് ഡ്രോണുകളും ഇസ്രയേലിന്‍റെ അതിര്‍ത്തി എത്തുന്നതിന് മുന്‍പ് തന്നെ സ്വയം തകര്‍ന്ന് വീണുവെന്നും ഐഡിഎഫ് അവകാശപ്പെട്ടിരുന്നു.
അതിനിടെ ഇറാനില്‍ നിന്ന് ഹൂതികള്‍ക്കായി എത്തിച്ച 750 ടണ്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായി യെമന്‍ സൈന്യം അവകാശപ്പെട്ടു. രാസായുധങ്ങള്‍ ഉള്‍പ്പടെ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സും ഹിസ്ബുല്ലയുമാണ് ആയുധക്കടത്തിന് നേതൃത്വം നല്‍കിയതെന്നും ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള കപ്പല്‍ച്ചാലുകളാണ് ഹൂതികള്‍ ഇതിനായി ഉപയോഗിച്ച് വന്നതെന്നും സൈന്യം പറയുന്നു. ജനറേറ്ററുകള്‍, ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോമറുകള്‍, എയര്‍ പമ്പുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തവയിലുള്ള മറ്റ് വസ്തുക്കളെന്നും യെമന്‍ സൈന്യം അവകാശപ്പെടുന്നു.