ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറയിലെ അനസ് അൽ ഷരീഫ് ഉൾപ്പെടെ നാല് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അനസ് അൽ ഷരീഫ് ഹമാസിന്റെ സായുധ സംഘത്തിലെ നേതാവാണെന്നും ഇസ്രയേലിനെ ആക്രമിക്കുന്നതില്‍ പങ്കുവഹിച്ചെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു. ഗാസയിലെ യാഥാർഥ്യങ്ങൾ പുറംലോകത്തെ അറിയിച്ചതിനാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്ന് അൽ ജസീറയും മാധ്യമ അവകാശ സംഘടനകളും വ്യക്തമാക്കി. ഗാസ സിറ്റിയിലെ ഷിഫ ആശുപത്രിക്ക് സമീപം ഒരു ടെന്‍റിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.
അതേസമയം, ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പിന്‍മാറണമെന്ന ആവശ്യം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്ന് നെതന്യാഹു. ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനം യു.എന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേല്‍ നീക്കത്തെ യു.എന്‍ രക്ഷാസമിതി അംഗങ്ങള്‍ അപലപിച്ചു. Also Read: ഗാസ പിടിക്കുമെന്ന് നെതന്യാഹു; ഇടഞ്ഞ് സഖ്യകക്ഷികള്‍; ആയുധ വിതരണം നിര്‍ത്തി ജര്‍മനി
ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പ് തള്ളിയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഗാസയില്‍ അധിനിവേശം ഇസ്രയേല്‍ ആഗ്രഹിക്കുന്നില്ല. ഹമാസിനെ നിരായുധീകരിക്കുക. ഭീകരമുക്തമാക്കുക, ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുക എന്നീകാര്യങ്ങളില്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. ഹമാസിന്റെ രണ്ട് ശക്തികേന്ദ്രങ്ങളാണ് പ്രധാന ലക്ഷ്യം. ഇതിനായി സൈനിക പദ്ധതി തയാറാണണെന്നും ഉടന്‍ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു
ഗാസയില്‍ പട്ടിണിയാണെന്നത് ഹമാസിന്റെ നുണപ്രചാരണമാണെന്നും നെതന്യാഹു ആരോപിച്ചു. ഭക്ഷണത്തിന് ദൗര്‍ലഭ്യമുണ്ട്. കൂടുതല്‍ സഹായം എത്തിക്കാന്‍ വഴിയൊരുക്കും. ഇസ്രയേലിന് ആയുധം നല്‍കുന്നത് നിര്‍ത്താന്‍ ഉത്തരവിട്ട ജര്‍മന്‍ ചാന്‍സലര്‍ ഉള്‍പ്പെടെ നുണപ്രചാരണത്തില്‍ പെട്ടുപോയെന്നും നെതന്യാഹു ആരോപിച്ചു. അതിനിടെ ഇസ്രയേലില്‍ നെതന്യാഹു സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായി. സൈനികനടപടി ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ആശങ്കയാണ് പ്രതിഷേധത്തിന് കാരണം. ഗാസയിലെ സൈനിക നടപടി സ്ഥിതി വഷളാക്കുമെന്ന് ധനമന്ത്രി തന്നെ തുറന്നടിച്ചിരുന്നു.