ksrtc

കെസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. 10.77 കോടി രൂപയാണ് ഇന്നലത്തെ ടിക്കറ്റ് വരുമാനം. ടിക്കറ്റിതര വരുമാനത്തില്‍ നിന്ന് 76 ലക്ഷം രൂപയും ലഭിച്ചു. ആകെ വരുമാനമായി 11.53 കോടി രൂപയും ലഭിച്ചു. ശബരിമല സര്‍വീസില്‍ നിന്നുള്ള വരുമാനം ഉള്‍പ്പടെയാണിത്. മന്ത്രി ഗണേഷ് കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നേട്ടം അറിയിച്ചത്. 

സിഎംഡി ഡോ.പ്രമോജ് ശങ്കറിന്‍റെയും  മാനേജ്മെന്‍റിന്‍റെയും ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫിസര്‍മാരുടെയും ഏകോപിതമായ ശ്രമങ്ങളിലൂടെയാണ് മികച്ച വരുമാനം നേടാന്‍ കഴിഞ്ഞതെന്നും കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 8.57 കോടിയായിരുന്നു വരുമാനമെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനയില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചതെന്നും കുറിപ്പില്‍ പറയുന്നു. 

താന്‍ മന്ത്രിയായി സ്ഥാനമേറ്റ ശേഷം നടത്തിയ പരിഷ്കരണങ്ങളും മാനേജ്മെന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിയ തുടര്‍പ്രവര്‍ത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആര്‍ടിസി എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബസുകള്‍ കൊണ്ടുവന്നതും സേവനങ്ങളില്‍ വന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ നിലവില്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിലാണെന്നും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും നേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടുന്നു. നേട്ടം കൈവരിക്കുന്നതിന് കാരണക്കാരായ എല്ലാ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നന്ദിയെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

KSRTC achieved an all-time record total revenue of ₹11.53 crore in a single day, as announced by Minister Ganesh Kumar on Facebook. Ticket revenue alone stood at ₹10.77 crore, with non-ticket income contributing ₹76 lakh, including earnings from Sabarimala services. The Minister highlighted that the achievement, made without any fare hike and despite similar circumstances to the previous year, reflects the concerted efforts of CMD Dr. Pramoj Shankar, management, and staff. He noted the previous year's revenue on the same day was ₹8.57 crore. The Minister attributed the success to recent reforms, including the introduction of new buses and efficient management leading to all depots now operating profitably.