reckless-driving-dubai

ദുബായിൽ ഓടുന്ന വാഹനങ്ങളിൽ 'നൃത്താഭ്യാസം' നടത്തിയ രണ്ട് ഡ്രൈവർമാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ വൈറലാകാനായി ഇവർ വാഹനങ്ങളിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്യുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന കാറുകളുടെ ബോണറ്റിൽ കയറി നിന്നുള്ള ഇവരുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായിരുന്നു. പിന്നാലെയാണ് നടപടിയുമായി ദുബായ് പൊലീസ് രംഗത്തെത്തിയത്.

ഇവരില്‍ ഒരാള്‍ ഓടുന്ന വാഹനത്തിന്‍റെ വാഹനത്തിന്റെ ബോണറ്റിൽ കയറി നിന്നും മറ്റേയാൾ പാർക്കിങ്ങിലൂടെ സഞ്ചരിച്ച കാറിന്റെ ബോണറ്റിന് മുകളിൽ നിന്നുമാണ് ഡാൻസ് കളിച്ചത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പട്രോളിങ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർമാരെ തിരിച്ചറിഞ്ഞത്. 2023 ലെ ഗതാഗത നിയമപ്രകാരം രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇവ വിട്ടുകിട്ടണമെങ്കിൽ 50,000 ദിർഹം പിഴയടയ്‌ക്കേണ്ടിവരും. 

ഇത്തരം അശ്രദ്ധവും അപകടകരവുമായ അഭ്യാസങ്ങള്‍ ഡ്രൈവർമാരുടെയും റോഡിലെ മറ്റ് വാഹനങ്ങളിലുള്ളവരുടേയും കാല്‍നടക്കാരുടേയും സുരക്ഷക്ക് ഭീഷണിയാണെന്നും ഗതാഗത നിയമ ലംഘനം കൂടിയാണെന്നും ദുബായ് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഗതാഗത നിയമലംഘനങ്ങളോ അപകടകരമായ മറ്റ് പ്രവൃത്തികളോ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ അറിയിക്കാനും ദുബായ് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ENGLISH SUMMARY:

Dubai drivers arrested for performing dangerous stunts. The drivers were arrested after a video of them dancing on car bonnets went viral on social media, prompting police action for reckless driving and endangering public safety.