കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് നടുറോഡില്‍ കാറില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. കാര്‍ ഡോറിന് മുകളിലും സണ്‍റൂഫിലും ഇരുന്നായിരുന്നു അപകടയാത്ര. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍വാഹന വകുപ്പ്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിലെ ഓഫ് റോഡ് വാഹനാഭ്യാസത്തില്‍ ജലസേചന വകുപ്പ് പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിട്ടില്ല.
ചാനിയംകടവില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു നടുറോഡിലെ അഭ്യാസപ്രകടനം. മൂന്ന് കാറുകളിലായി വിവാഹ ചടങ്ങിനായി എത്തിയതായിരുന്നു യുവാക്കള്‍. അമിതവേഗത്തില്‍ വാഹനം ഓടിച്ചും കാറിന്‍റെ ഡോറിലിരുന്നുമായിരുന്നു യാത്ര. കാര്‍ നടുറോഡില്‍ നിര്‍ത്തിയും അഭ്യാസപ്രകടനം കാട്ടി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാഹന ഉടമകളെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി. വിശദീകരണം കേട്ട ശേഷം നടപടിയെടുക്കാനാണ് തീരുമാനം.
അതേസമയം, പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിലെ ഓഫ് റോഡ് ജീപ്പ് അഭ്യാസത്തില്‍ ജലസേചന വകുപ്പ് പൊലീസില്‍ പരാതി നല്‍കി. യുവാക്കളെ കണ്ടെത്തി കേസ് എടുക്കാനാണ് പൊലീസ് നീക്കം. നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നു ഡാമിന്‍റെ റിസര്‍വോയറിലൂടെയുള്ള ജീപ്പ് അഭ്യാസം.