പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരില്‍ ഒരാളായ ഹബീബ് താഹിറിന്‍റെ മൃതദേഹം കഴിഞ്ഞയാഴ്ച പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ സംസ്കരിച്ചതായി റിപ്പോര്‍ട്ട്.ഇത് പഹൽഗാം ഭീകരാക്രമണത്തിലും അതിർത്തി കടന്നുള്ള ഭീകരവാദത്തിലും പാകിസ്ഥാന്‍റെ പങ്ക് വീണ്ടും തെളിയിക്കുന്നു.ജൂലൈ 28-ന് ശ്രീനഗറിലെ ഹർവാനിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാളാണ് താഹിർ.ലഷ്കർ-ഇ-തൊയ്ബ അംഗങ്ങളാണ് കൊല്ലപ്പെട്ട ഭീകരരെന്ന് ശ്രീനഗർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ജി.വി. സന്ദീപ് ചക്രവർത്തി സ്ഥിരീകരിച്ചിരുന്നു. 'ഓപ്പറേഷൻ മഹാദേവ്' എന്ന സൈനിക നീക്കത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ല്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങുകളിൽ പാകിസ്ഥാൻ സൈനികർ പങ്കെടുത്തിരുന്നു.
അതിനിടെ താഹിറിന്‍റെ സംസ്കാരച്ചടങ്ങുകള്‍ക്കിടെ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ റിസ്‌വാൻ ഹനീഫ് ആയുധധാരികളുമായി സംസ്കാര ചടങ്ങിൽ പങ്കെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഭീകരസംഘടനയിലെ അംഗങ്ങൾ പങ്കെടുക്കുന്നതിനെ താഹിറിന്‍റെ കുടുംബം എതിർത്തിരുന്നെങ്കിലും, ഹനീഫും കൂട്ടാളികളും സ്ഥലത്തെത്തുകയായിരുന്നു.ഹനീഫിന്റെ മരുമകൻ തോക്ക് ചൂണ്ടി താഹിറിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ജനരോഷം ശക്തമായതോടെ ഹനീഫിനും സംഘത്തിനും സ്ഥലം വിടേണ്ടി വന്നു.പാകിസ്ഥാൻ ഭരണകൂടത്തിന്റെ നയങ്ങളിൽ മാറ്റം വരുന്നതിന്റെ സൂചനകളാണ് ഈ സംഭവം സൂചിപ്പിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഭീകരവാദികൾ സംഘടിപ്പിക്കുന്ന പരിപാടികൾക്കെതിരെ പാകിസ്ഥാൻ പൊലീസ് നടപടിയെടുക്കുകയും ഇത്തരം ഗ്രൂപ്പുകളുടെ പൊതുപ്രവർത്തനങ്ങൾ കുറയുകയും ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണ് താഹിറിനെ റിക്രൂട്ട് ചെയ്യുകയും പരിശീലനം നൽകുകയും ചെയ്തതെന്നാണ് റിപ്പോർട്ട്. ലഷ്കർ-ഇ-തൊയ്ബയുടെ ഒരു ഉപവിഭാഗമായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അടുത്തിടെ അമേരിക്ക ഈ സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർക്ക് ലഷ്കർ-ഇ-തൊയ്ബയുടെ ആസ്ഥാനമായ മുരീദ്‌കെയിൽ പരിശീലനം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ ഭീകരസംഘടനയെ 'നിർജ്ജീവമാക്കി' എന്ന് പാകിസ്ഥാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. പഹൽഗാം ആക്രമണത്തെ നിർജ്ജീവമായ ഈ സംഘടനയുമായി ബന്ധിപ്പിക്കുന്നത് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും പാകിസ്ഥാൻ പ്രസ്താവിച്ചിരുന്നു. പഹൽഗാം ആക്രമണത്തിന്റെ അന്വേഷണം 'ഇപ്പോഴും പൂർണ്ണമായിട്ടില്ല' എന്നും, 'നിരോധിത സംഘടനയായ ലഷ്കറുമായി ഇതിനെ ബന്ധിപ്പിക്കുന്നത് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്' എന്നും പാകിസ്ഥാൻ കൂട്ടിച്ചേർത്തിരുന്നു.