തുരങ്കത്തിനുള്ളില്‍ സ്വന്തം ശവകുഴി ഒരുക്കുന്ന ഇസ്രയേല്‍ ബന്ദിയുടെ ദൃശ്യം പുറത്തുവിട്ട് ഹമാസ്. 24 കാരനായ എവ്യാതര്‍ ഡേവിഡിന്റെ വീഡിയോയാണ് പുറത്തുവന്നത്. പട്ടിണിയിലായ യുവാവ് മെലിഞ്ഞൊട്ടിയ നിലയിലാണ് വിഡിയോയിലുള്ളത്. അവശ നിലയിലാണ് ഇയാള്‍ വിഡിയോയില്‍ സംസാരിക്കുന്നത്.
Also Read: 'ട്രംപിനെ അസിം മുനീര്‍ പറ്റിച്ചു, പാക്കിസ്ഥാനില്‍ എണ്ണ റിസര്‍വ് ഇല്ല'
മണ്‍വെട്ടി കൊണ്ട് തുരങ്കത്തില്‍ കുഴിയെടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഞാന്‍ സ്വന്തം ശവകുഴി ഒരുക്കുകയാണ് എന്നാണ് എവ്യാതര്‍ ഹിബ്രു ഭാഷയില്‍ പറയുന്നത്. 'ദിവസം കഴിയുന്തോറും ശരീരം മോശമായി കൊണ്ടിരിക്കുകയാണ്. നേരെ ശവകുഴിയിലേക്ക് പോവുകയാണ്. അവിടെ എന്നെ അടക്കം ചെയ്യാൻ പോകുന്ന ശവക്കുഴിയുണ്ട്' എന്നാണ് വിഡിയോയിലുള്ളത്. കുഴിയെടുത്ത് അവസാന അവശനായി നിലത്തിരിക്കുന്നതാണ് 57 സെക്കന്‍ഡ് വിഡിയോയുടെ അവസാനം.
ഹമാസിന്‍റെ പ്രൊപ്പഗണ്ട പ്രചാരണത്തിന്‍റെ ഭാഗമായി ഡേവിഡിനെ ബോധപൂർവം പട്ടിണിയിലാക്കിയതാണെന്ന് എവ്യാതറിന്‍റെ കുടുംബം ആരോപിച്ചു. ഡേവിഡിന്‍റെ സഹായത്തിനായി പറ്റാവുന്നതെല്ലാം ചെയ്യാന്‍ കുടുംബം ഇസ്രയേലി സര്‍ക്കാറിനോടും ലോകത്തോടും ആവശ്യപ്പെട്ടു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ എവ്യാതറിന്‍റെ കുടുംബവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സംസാരിച്ചു. ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നുവെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും നെതന്യാഹു ആവര്‍ത്തിച്ചു.
ഈയിടെ ഇസ്രയേല്‍- ജര്‍മന്‍ ഇരട്ടപൗരത്വമുള്ള റോം ബ്രസ്ലാവ്‌സ്‌കി എന്ന ബന്ദിയുടെ വിഡിയോയും ഹമാസ് പുറത്തുവിട്ടിരുന്നു. മോചനം ഉറപ്പാക്കാന്‍ സഹായിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയായിരുന്നു അത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ 1,219 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പിടിക്കപ്പെട്ട ബന്ദികളാണ് ഇരുവരും. ആകെയുള്ള 251 ബന്ദികളില്‍ ഹമാസിന്‍റെ കസ്റ്റഡിയിലുള്ളത് 49 പേരാണുള്ളത്. ഇതിന് പിന്നാലെയാണ് ഹമാസിനെ ഉത്മൂലനം ചെയ്യാന്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. ഈ ആക്രമണത്തില്‍ 60,000 ത്തോളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.