2024 വർഷത്തിൽ യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവിൽ താമസരേഖകൾ നിയമപരമാക്കാത്തവർക്കെതിരെ കർശന നടപടി തുടരുന്നു. ഇതിനോടകം 32,000 പേർ പിടിയിലായി. ഇവർക്ക് കടുത്ത പിഴയും തടവും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെ നീണ്ട നിന്ന പൊതുമാപ്പ് അവസരം ഉപയോഗിക്കാതെ നിയമലംഘനം തുടർന്ന 32,000 പേരാണ് ഇതിനോടകം പിടിയിലായത്. ഈ കാലയളവിൽ എല്ലാ പിഴകളും ഒഴിവാക്കി സമയം നീട്ടിനൽകിയിട്ടും തങ്ങളുടെ താമസ രേഖകൾ നിയമപരമാക്കാൻ മടി കാണിച്ചവർക്കാണ് ഇപ്പോൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നത്.പിടിയിലായവർക്ക് മുൻകാല പ്രാബല്യത്തോടെയുള്ള പിഴകൾക്ക് പുറമെ തടവ് ശിക്ഷയും നാടുകടത്തലും ഉറപ്പാണ്. മാത്രമല്ല, ഇത്തരക്കാർക്ക് ഭാവിയിൽ യുഎഇയിലേക്ക് മടങ്ങിയെത്താൻ ആജീവനാന്ത വിലക്കും ഏർപ്പെടുത്തും. ഇത് സംബന്ധിച്ചു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) കർശന നടപടികൾ തുടങ്ങി. പൊതുമാപ്പ് കാലയളവിന് ശേഷം ആറ് മാസത്തിനിടെ നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. വിസയില്ലാതെ കഴിയുന്നവരെ കണ്ടെത്താൻ ഐസിപി പ്രത്യേക പരിശോധക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവർ രാജ്യത്തിന്റെ എല്ലാ മേഖലകളിലും പരിശോധനകൾ തുടരുകയാണ്. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.നിയമപരമായ വിസയും മറ്റ് താമസ രേഖകളുമില്ലാത്തവരെ ജോലിക്കു നിയമിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അത്തരം തൊഴിലുടമകൾക്കെതിരെയും സമാനമായ നിയമനടപടികൾ ഉണ്ടാകും. അനധികൃത താമസക്കാർക്ക് താമസസ്ഥലമോ മറ്റ് സൗകര്യങ്ങളോ നൽകുന്നതും കുറ്റകരമാണെന്നും ഐസിപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.