image Credit: X/AbhaShopping
വിനോദ, സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടുത്തി സൗദിയിലെ അല്‍ ബാഹയില്‍ സിറ്റി ഹബ് ഫെസ്റ്റിവലിന് തുടക്കം. വേനലവധി തുടങ്ങിയതോടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഫെസ്റ്റിവല്‍. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍.
രാജ്യത്തെ സുപ്രധാന വിനോദ സഞ്ചാര നഗരമാണ് അല്‍ ബാഹ. മിതശീത കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് രാജ്യാന്തര കലാകാരന്‍മാരുടെ പ്രകടനം ഉള്‍പ്പെടുത്തി ആഘോഷം ഒരുക്കിയിട്ടുള്ളത്. സര്‍ക്കസ് കൂടാരം, ലൈവ് ഷോകള്‍, ഇലക്ട്രോണിക് ഗെയിമിംഗ് സോണുകള്‍, കുട്ടികള്‍ക്കായി വിനോദ-വിജ്ഞാന പരിപാടികള്‍, ആരോഗ്യ ബോധവൽക്കരണം, മാജിക് ഷോ, വിവിധയിനം പക്ഷികളെ പരിചയപ്പെടുത്തുന്ന പാര്‍ക്ക്, ഹൊറര്‍-സാഹസിക സൗകര്യങ്ങള്‍ എന്നിവയാണ് സിറ്റി ഹബിലെ ആകര്‍ഷക ഘടകങ്ങള്‍.
വാട്ടര്‍ ഡാന്‍സ്, മോട്ടോര്‍സൈക്കിള്‍ അഭ്യാസങ്ങള്‍ എന്നിവയും മേളയുടെ ഭാഗമാണ്. ഇതിനുപുറമെ റെസ്‌റ്റോറന്റുകള്‍, കഫേകള്‍, രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാദേശിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും അല്‍ ബാഹയുടെ പ്രകൃതി സൗന്ദര്യം പരിചയപ്പെടുത്തുന്നതിനുമാണ് മേള ഒരുക്കിയിട്ടുള്ളതെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു.