Image: AP
ഖത്തറിലെ അല്‍ ഉദെയ്ദ് വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയുടെ സുപ്രധാന വാര്‍ത്താവിനിമയ സംവിധാനമായ ജിയോഡെനിക് ഡോം തകര്‍ന്നതായി സ്ഥിരീകരണം. ഇക്കാര്യം വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങളും ഔദ്യോഗിക പ്രസ്താവനകളും പുറത്തുവന്നതായി അസോസിയേറ്റഡ് പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. മേഖലയില്‍ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങള്‍ നിയന്ത്രിക്കുന്ന സുപ്രധാനകേന്ദ്രമാണിത്. ജൂണ്‍ 23നായിരുന്നു യുഎസ് ബേസിനു നേരെ ഇറാന്‍ തിരിച്ചടിച്ചത്.
2016ൽ സ്ഥാപിച്ചതാണ് 15ദശലക്ഷം ഡോളര്‍ വില വരുന്ന ജിയോഡെനിക് ഡോം. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ആസ്ഥാനവും പ്രാദേശിക സൈനികനീക്കങ്ങളും നടക്കുന്ന ഈ കേന്ദ്രം ദോഹയ്ക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ജിയോഡെനിക് ഡോമിനെ ചെറിയ തോതില്‍ മാത്രമേ ആക്രമണം ബാധിച്ചിട്ടുള്ളൂവെന്ന് പെന്റഗണ്‍ വക്താവ് സീന്‍ പര്‍നേല്‍ പറയുന്നു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പഴയപടി തന്നെ നടക്കുന്നുണ്ടെന്നും സീന്‍ വ്യക്തമാക്കി.
ഇറാന്റെ മൂന്ന് സുപ്രധാന ആണവകേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ യുഎസ് ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് ഖത്തറിലെ ജിയോഡെനിക് ഡോം തകര്‍ത്തത്. അതേസമയം ആക്രമണത്തെക്കുറിച്ച് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ അമേരിക്കയ്ക്കും ഖത്തര്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചുവെന്നാണ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടത്. ഇറാന്റെ പതിനാലു മിസൈലുകളില്‍ 13 എണ്ണം തടഞ്ഞതായും ഒരെണ്ണം വലിയ കുഴപ്പങ്ങളൊന്നും ഏല്‍പ്പിക്കാതെ ലക്ഷ്യത്തിലെത്തിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആരുടെയും ജീവന്‍ നഷ്ടപ്പെടാതിരിക്കാനും ആര്‍ക്കും പരിക്കേല്‍ക്കാതിരിക്കാനും സഹായിച്ചതിന് ഇറാനോട് നന്ദി പറയുന്നതായും ട്രംപ് ട്രൂത്തില്‍ കുറിച്ചു.
എന്നാല്‍ ആക്രമണത്തില്‍ യുഎസ് ഡോം പാടേ നശിച്ചെന്നും കമ്മ്യൂണിക്കേഷന്‍ സംവിധാനം തകര്‍ന്നെന്നുമാണ് ഇറാന്‍ അവകാശപ്പെടുന്നത്. അത് ശരിവക്കുന്ന തരത്തിലുള്ള ഉപഗ്രഹചിത്രങ്ങളാണ് പുറത്തുവരുന്നത്.