എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
നിരവധി രാജ്യങ്ങള്‍ ഗോള്‍ഡന്‍ വീസ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഗോള്‍ഡന്‍ വീസ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക ദുബായ് ആയിരിക്കും. സെലിബ്രിറ്റികള്‍ക്കും മറ്റും ഗോള്‍ഡന്‍ വീസ ലഭിക്കുന്നത് ഇന്ന് മാധ്യമങ്ങളിലൂടെ നമുക്ക് സുപരിചിതമാണ്. ദുബായിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവരും അവിടെ താമസിക്കുന്നവരും ഇടയ്ക്കിടയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരും ഇന്ന് ഗോള്‍ഡന്‍ വീസയ്ക്ക് പിന്നാലെയാണ്. എന്നാലിതാ ഒരു സന്തോഷ വാര്‍ത്ത! ഇന്ത്യക്കാർക്കായി പുതിയ ഗോൾഡൻ വീസ അവതരിപ്പിച്ചിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്.
ദുബായില്‍ സ്വത്തില്ലാതെ, ബിസിനസുകളില്‍ നിക്ഷേപമില്ലാതെ, ഇനി ഗോള്‍ഡന്‍ വീസയ്ക്ക് വേണ്ടി അപേക്ഷിക്കാം. സാധാരണയുള്ള നിക്ഷേപ അധിഷ്ഠിത വീസയില്‍ നിന്ന് നോമിനേഷൻ അധിഷ്ഠിത ഗോൾഡൻ വീസയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി യോഗ്യരായ ഇന്ത്യക്കാർക്ക് നിശ്ചിത ഫീസ് അടച്ച് ഇനി ഗോള്‍ഡന്‍ വീസ സ്വന്തമാക്കാം. അപേക്ഷകർക്ക് 100,000 ദിർഹം അതായത് 23.3 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഇതിനായി നല്‍കേണ്ടത്. നേരത്തെ ഇന്ത്യക്കാർക്ക് ഗോൾഡൻ വീസ ലഭിക്കണമെങ്കിൽ യുഎഇയിലെ ബിസിനസിലോ വസ്‌തുവകകളിലോ കുറഞ്ഞത് രണ്ട് മില്യൺ ദിർഹത്തിന്‍റെ അതായത് 4.66 കോടി രൂപയുടെ നിക്ഷേപം ആവശ്യമായിരുന്നു.
ആർക്കെല്ലാം അപേക്ഷിക്കാം
പുതിയ ഗോള്‍ഡന്‍ വീസ പദ്ധതിക്ക് കീഴില്‍ സമൂഹത്തിന്‍റെ പല ശ്രേണിയിലുള്ള പ്രൊഫഷണലുകള്‍ക്കും സ്പെഷലിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. 15 വർഷത്തിലധികം പരിചയമുള്ള യൂണിവേഴ്സിറ്റി ഫാക്കൽറ്റികള്‍, സ്കൂൾ അധ്യാപകർ, നഴ്സുമാർ എന്നിവര്‍ക്കും അപേക്ഷിക്കാം. സ്റ്റാർട്ടപ്പ് സ്ഥാപകരേയും ബിസിനസ് പ്രൊഫഷണലുകളേയും പുതിയ നയത്തില്‍ യുഎഇ സ്വാഗതം ചെയ്യുന്നുണ്ട്. കൂടാടെ യൂട്യൂബർമാർ, പോഡ്‌കാസ്റ്റർമാർ, ഡിജിറ്റൽ ക്രിയേറ്റേഴ്സ് തുടങ്ങിയവര്‍ക്കും 25 വയസ്സിനു മുകളിലുള്ള അംഗീകൃത സ്പോർട്സ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം.
ഇന്ത്യയിലും ബംഗ്ലാദേശിലുടനീളമുള്ള VFS, One Vasco സെന്ററുകളുമായി സഹകരിച്ച് റയാദ് ഗ്രൂപ്പാണ് അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. ഗ്രൂപ്പിന്‍റെ ഓൺലൈൻ പോർട്ടൽ അല്ലെങ്കിൽ കോൾ സെന്‍റര്‍ വഴിയോ അപേക്ഷകര്‍ സമര്‍പ്പിക്കാവുന്നതാണ്. ‘ഇന്ത്യക്കാർക്ക് ഒരു സുവർണ്ണാവസരം’ പുതിയ നയത്തെ റയാദ് ഗ്രൂപ്പ് വിശേഷിപ്പിച്ചിരിക്കുന്നത്. അപേക്ഷകർ സമഗ്രമായ ബാക്ക്ഗ്രൗണ്ട് പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ പശ്ചാത്തലം, സോഷ്യൽ മീഡിയ എന്നിവയെല്ലാം ഈ ബാക്ഗ്രൗണ്ട് പരിശോധനയില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല യുഎഇയുടെ ബിസിനസ്സ്, സംസ്കാരം, ശാസ്ത്രം, വ്യാപാരം തുടങ്ങിയ മേഖലകളിൽ അപേക്ഷകന് നല്‍കാന്‍ കഴിയുന്ന സംഭാവനകളും വിലയിരുത്തപ്പെടും.
റയാദ് ഗ്രൂപ്പ് തന്നെയായിരിക്കും അന്തിമ അംഗീകാരത്തിനായി യുഎഇ സർക്കാരിന് അപേക്ഷ അയയ്ക്കുക. അന്തിമ തീരുമാനം യുഎഇ അധികൃതരുടേതാണെന്ന് റയാദ് ഗ്രൂപ്പ് പറയുന്നു. ജീവിത കാലം മുതല്‍ ഈ വീസയ്ക്ക് സാധുതയുണ്ടായിരിക്കും. ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയില്‍ നിന്നും 5,000-ത്തിലധികം അപേക്ഷകൾ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റയാദ് ഗ്രൂപ്പ് പറയുന്നത്. അപേക്ഷകർ ദുബായ് സന്ദർശിക്കേണ്ട ആവശ്യമില്ല.
ഗോൾഡൻ വീസയുടെ പ്രയോജനങ്ങൾ
ഗോൾഡൻ വീസവഴി ദീർഘകാല ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. വീസ ലഭിക്കുന്ന വ്യക്തികൾക്ക് ദുബായില്‍ സ്ഥിര താമസം ലഭിക്കും, കുടുംബത്തെ കൊണ്ടുവരാം, ജീവനക്കാരെ നിയമിക്കാം, ബിസിനസ്സ് അല്ലെങ്കിൽ പ്രൊഫഷണൽ ജോലിയിൽ ഏർപ്പെടാം. നിക്ഷേപ അധിഷ്ഠിത വീസയില്‍ നിന്ന് വ്യത്യസ്തമായി നോമിനേഷൻ അടിസ്ഥാനമാക്കിയുള്ള ഗോൾഡൻ വീസ ആസ്തികൾ വിറ്റാലും കാലഹരണപ്പെടില്ല.
എന്താണ് ഗോള്‍ഡന്‍ വീസ?
തങ്ങളുടെ രാജ്യത്ത് വലിയ നിക്ഷേപം നടത്തുന്ന വിദേശികള്‍ക്ക് താല്‍ക്കാലിക താമസത്തിനും ജോലി ചെയ്യാനും മറ്റും അനുമതി നല്‍കുന്ന റെസിഡന്‍സ് ബൈ ഇന്‍വെസ്റ്റ്‌മെന്‍റ് (RBI) പദ്ധതിയുടെ മറ്റൊരു പേരാണ് ഗോള്‍ഡന്‍ വീസ. ഇന്ന് ലോകത്ത് അഞ്ച് ഭൂഖണ്ഡങ്ങളിലായി 100 ലധികം രാജ്യങ്ങളിൽ ഗോള്‍ഡന്‍ വീസ നല്‍കിവരുന്നുണ്ട്. 2019 ൽ ആരംഭിച്ച ദുബായ് ഗോൾഡൻ വീസ പ്രോഗ്രാം നിക്ഷേപകർ, സംരംഭകർ, പ്രൊഫഷണലുകള്‍ എന്നിവർക്കായി രൂപകൽപ്പന ചെയ്‌തതാണ്. 2022 ൽ യുഎഇ ഇതിനുള്ള കുറഞ്ഞ നിക്ഷേപം 2 മില്യൺ ദിർഹമായി കുറച്ചിരുന്നു. പുതിയ ഗോള്‍ഡന്‍ വീസ പ്രോഗ്രാം വന്നാലും നിക്ഷേപ അധിഷ്ഠിത ഗോള്‍ഡന്‍ വീസ തുടരുക തന്നെചെയ്യും.