സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുട്ടിയുടെ ചികില്‍സ ഏറ്റെടുത്ത് യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യഖീൻ ഇബ്രാഹിം അൽകനകർ എന്ന സിറിയൻ ബാലികയുടെ ജീവൻ രക്ഷിക്കാൻ 7 മില്യൺ ദിർഹമാണ് അദ്ദേഹം നല്‍കുന്നത്.
ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷനിലൂടെ കനകർ കുടുംബം നടത്തിയ അഭ്യർഥന സമൂഹമാധ്യമങ്ങളില്‍ വൈറലായി. രോഗം കുട്ടിയുടെപേശികളുടെ ശക്തിയെയും ചലനത്തെയും ബാധിച്ചു കഴിഞ്ഞെന്നും അടിയന്തിരമായി ചികില്‍സ ആവശ്യമാണെന്നുമായിരുന്നു അഭ്യർത്ഥന. ഇത് ശ്രദ്ധയില്‍പ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് സഹായമെത്തി. കുട്ടിയുടെ പിതാവ് ഇബ്രാഹിം കനകറിനെ ശൈഖ് മുഹമ്മദിന്റെ ഓഫിസ് നേരിട്ട് ബന്ധപ്പെട്ട് മുഴുവൻ ചികിത്സാ ചെലവുകളും വഹിക്കുമെന്ന് അറിയിച്ചു. ദുബായിലെ അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റൽ ഉൾപ്പെടെ ചുരുക്കം ചില ആശുപത്രികളിൽ മാത്രമേ നിലവിൽ രോഗത്തിന് ചികിത്സയുള്ളൂ. യഖീനെ ഇതിനോടകം അൽ ജലീല ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ജനിതക, ആന്റിബോഡി സ്ക്രീനിങ് ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകൾക്ക് വിധേയയാക്കി.