താമസ–കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ. രാജ്യത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായാണ് നടപടി. നിയമം ലംഘിച്ചാല്‍ 50 ലക്ഷം ദിര്‍ഹം വരെയാണ് പിഴ.
നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി ലഭ്യമാക്കുക, ഇവര്‍ക്ക് താമസസൗകര്യം ഒരുക്കുക, സംഘടിത വീസ തട്ടിപ്പ് നടത്തുക തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങള്‍ക്കാണ് 50 ലക്ഷം ദിർഹം പിഴ ചുമത്തുക. അനധികൃതമായി രാജ്യത്ത് എത്തിയവര്‍ക്ക് താമസസൗകര്യമോ ജോലിയോ മറ്റു സഹായങ്ങളോ നൽകുന്നവരിൽനിന്ന് കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉൾപ്പെട്ട കേസുകളാണെങ്കിൽ പിഴയ്ക്ക് പുറമേ രണ്ടു മാസത്തെ തടവും ലഭിക്കും. നിയമപരമായ നടപടികളിൽനിന്ന് രക്ഷപ്പെടാൻ വീസ, താമസാനുമതി തുടങ്ങി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് രാജ്യസുരക്ഷയ്ക്കു നേരെയുള്ള ഭീഷണിയായി കണക്കാക്കും. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയുമാണ് ശിക്ഷ. ഇവര്‍ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടര്‍ന്നാല്‍ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണമെന്നാണ് നിലവിലെ നിയമം.