ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറില്‍ യുഎസ് ലക്ഷ്യമിട്ട പ്രധാന ആണവ കേന്ദ്രമായ ഫോര്‍ദോയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഇറാന്‍. യുഎസിന്‍റെ ബി–2 ബോംബർ വിമാനങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഫോർദോ ആണവ കേന്ദ്രം ആക്രമിച്ചത്. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം ഫോര്‍ഡോയ്ക്ക് ചുറ്റും ഇറാന്‍ അറ്റകുറ്റപണി നടത്തുന്നതായാണ് സൂചന. 

മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ട ചിത്രങ്ങൾ പ്രകാരം വലിയ യന്ത്രസാമഗ്രികൾ മേഖലയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. 

എക്‌സ്‌കവേറ്ററുകളും ബുൾഡോസറുകളും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്‍റെയും സൂചനകള്‍ പുതിയ സാറ്റ്‍ലൈറ്റ് ചിത്രങ്ങളിലുണ്ട്. മറ്റ് ചിത്രങ്ങൾ കുന്നില്‍ ചെരുവില്‍ പുതിയ റോഡു നിര്‍മാണവും തകർന്ന നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ അറ്റകുറ്റപണിയുടെയും സൂചനകള്‍ നല്‍കുന്നവയാണ്. ആക്രമണത്തിന് ശേഷം നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഇറാന്‍ ഫോര്‍ദോയിലേക്ക് എത്തുമെന്നാണ സൂചനയും ഇതോടെ ശക്തമായി. 

ജൂണ്‍ 21-22 പുലര്‍ച്ചെ ഇറാനിലെ ഫൊര്‍ദോ, നാതന്‍സ്, ഇസ്ഫാന്‍ ആണവ നിലയങ്ങള്‍ക്ക് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. ഫൊര്‍ദോയിലെ ആണവ കേന്ദ്രത്തിന് നേര്‍ക്ക് 30000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് യുഎസ് വ്യോമസേനയുടെ ബി-2 സ്റ്റീല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത്. യുഎസിന്‍റെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നടത്തിയ ആക്രമണങ്ങള്‍ ആണവ പദ്ധതികളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും മാസങ്ങള്‍ വൈകിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.

സമ്പുഷ്ടീകരിച്ച യുറേനിയം ആക്രമണത്തിന് മുന്‍പ് തന്നെ ഇറാന്‍ കേന്ദ്രങ്ങളില്‍ നിന്നും മാറ്റിയിരുന്നു. അണുവായുധങ്ങള്‍ക്ക് ഉതകുന്നരീതിയില്‍ യുറേനിയം സംപുഷ്ടീകരിക്കുന്നതിനുള്ള സെൻട്രിഫ്യൂജുകൾ കേടുകൂടാതെ ഇപ്പോഴും ഇറാന്‍റെ കൈവശമുണ്ടെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ തന്നെ ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ആണവ പദ്ധതികള്‍ പുനരാരംഭിക്കാന്‍ ഇറാന് സാധിക്കും എന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ENGLISH SUMMARY:

Iran has reportedly begun construction activities at its Fordow nuclear site, a key target of the US's "Operation Midnight Hammer" which involved B-2 bomber attacks using bunker-buster bombs. Latest satellite imagery indicates repair and construction work around the heavily fortified facility.