iran-israel-satellite-images

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന യുദ്ധം പത്ത് ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍, നാശനഷ്ടം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളെയും വിഡിയോകളെയും പറ്റി വൈറല്‍ കുറിപ്പുമായി ഡോ. അജയ് ബാലചന്ദ്രന്‍. ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ലഭ്യമാവുമ്പോഴും, ഇസ്രായേലിനുണ്ടായ നാശനഷ്ടങ്ങള്‍ പ്രതിപാദിക്കുന്ന ഒരു സാറ്റലൈറ്റ് ചിത്രം പോലും ലഭ്യമല്ലാത്തതിന്‍റെ കാരണത്തെപ്പറ്റിയാണ് ഈ പോസ്റ്റ്.

'യുദ്ധത്തെപ്പറ്റി ഓൺലൈൻ സെർച്ച് ചെയ്തപ്പോൾ ശ്രദ്ധിച്ചതാണ്. ഇറാനിൽ അമേരിക്കയും ഇസ്രായേലും ഇട്ട ബോംബുകളുടെ ഡാമേജ് വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും സാറ്റലൈറ്റ് ചിത്രങ്ങളും ധാരാളം ലഭ്യമാണ്. ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണത്തിൽ ഉണ്ടായ ഡാമേജിന്റെയും ഫോട്ടോകളും വീഡിയോകളും സാറ്റലൈറ്റ് ചിത്രങ്ങളും ലഭ്യമാണ്. പക്ഷേ ഇസ്രായേലിനകത്ത് ഉണ്ടായ ഡാമേജിന്‍റെ ഫോട്ടോകളും വീഡിയോകളും ലഭ്യമല്ല എന്ന് മാത്രമല്ല, സാറ്റലൈറ്റ് ചിത്രങ്ങളും ലഭ്യമല്ല.

ഇസ്രായേലിൽ ആകാശത്ത് മിസൈലുകളും ഡ്രോണുകളും പറക്കുന്ന ചിത്രങ്ങളും സ്ഥലം വ്യക്തമാവാത്ത തരത്തിൽ ചില തകർന്ന കെട്ടിടങ്ങൾ കാണിക്കുന്ന വീഡിയോകളും ഒക്കെയാണ് ഓൺലൈനിൽ ലഭ്യമായിട്ടുള്ളത്. സാറ്റലൈറ്റ് ചിത്രത്തിനായി പല തരം കീവേഡുകൾ ഉപയോഗിച്ച് സെർച്ച് ചെയ്ത് നോക്കി. ഡാമേജ് കാണിക്കുന്ന 2025-ലെ ചില സാറ്റലൈറ്റ് ചിത്രങ്ങൾ മാത്രമേ എനിക്ക് കിട്ടിയുള്ളൂ. (നിങ്ങൾക്ക് ഈ വർഷത്തെ വല്ല സാറ്റലൈറ്റ് ചിത്രങ്ങളും കിട്ടിയിട്ടുണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യാമോ?) എന്തായിരിക്കും കാരണം എന്ന് ഒന്ന് സെർച്ച് ചെയ്ത് നോക്കി.

ഇസ്രായേലിലെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരെയും അതിനായി ക്യാമറകൾ സെറ്റ് ചെയ്യുന്നവരെപ്പോലും അറസ്റ്റ് ചെയ്യുന്നുണ്ട് എന്ന് പത്രവാർത്തകളുണ്ട്. അത് മനസ്സിലാക്കാം. യുദ്ധം നടക്കുന്ന സമയത്ത് വിവരങ്ങൾ ശത്രുക്കൾക്ക് ലഭിക്കാതിരിക്കാനുള്ള തന്ത്രപരമായ ശ്രമങ്ങളായി കാണാം. എന്തായിരിക്കും ഇസ്രായേലിൽ നിന്നുള്ള സാറ്റലൈറ്റ് ഇമേജുകളൊന്നും കിട്ടാത്തത്? അതേ സമയം തന്നെ സൗദി അറേബ്യയിലെയും ഇറാനിലെയും ഖത്തറിലെയും ഒക്കെ മിസൈൽ/ഡ്രോൺ ഡാമേജിന്റെ സാറ്റലൈറ്റ് ഇമേജുകൾ കിട്ടുന്നുമുണ്ട്. അതും ഒന്ന് തിരഞ്ഞ് നോക്കി.

Kyl-Bingaman Amendment എന്നൊരു അമേരിക്കൻ നിയമമുണ്ട്. ഇസ്രായേലിൽ നിന്നും അധിനിവേശഭൂമിയിൽ നിന്നുമുള്ള ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് ഇമേജുകൾ പ്രസിദ്ധീകരിക്കുന്നത് വിലക്കുന്ന നിയമമാണിത് (വേറേ ഒരു രാജ്യത്തിനും ഈ വിലക്കില്ല). പ്ലാനറ്റ് ലാബ്സ് പോലുള്ള അമേരിക്കൻ കമ്പനികൾ ഇസ്രായേലിൽ നിന്നുള്ള ഇമേജുകൾ പുറത്തുവിടുന്നതിൽ വലിയ കാലതാമസം വരുത്തുന്നു എന്നും വാർത്തയുണ്ട്. ഇതെപ്പറ്റി ഡീപ് സീക്ക് എ ഐയുടെ അനാലിസിസാണിത്'.– അദ്ദേഹം വിശദീകരിക്കുന്നു.

അതേസമയം, ഇസ്രയേലില്‍ ഇറാന്‍റെ കനത്ത മിസൈല്‍ ആക്രമണം തുടരുകയാണ്. ടെല്‍ അവീവിലും ഹൈഫയിലെ ഇസ്രയേലിന്‍റെ സൈനിക കേന്ദ്രത്തിലുമാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്.

വടക്കന്‍ ഇസ്രയേലിലെ ജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുകയാണ്. മധ്യ ഇസ്രയേലിലേക്കും വെസ്റ്റ് ബാങ്ക് പരിസരത്തേക്കും ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചെന്നാണ് ഐഡിഎഫ് സ്ഥിരീകരിക്കുന്നത്. ആക്രമണങ്ങളില്‍ ആളുകള്‍ക്ക് പരുക്കേറ്റത് സംബന്ധിച്ചോ നാശനഷ്ടങ്ങളോ വ്യക്തമല്ല.

ENGLISH SUMMARY:

Iran Israel conflict analysis highlights a notable absence of satellite images detailing damage within Israel, despite extensive visual evidence from Iran and Gulf nations. This discrepancy is explored through the lens of the Kyl-Bingaman Amendment and potential strategic information control.