ഇറാന്‍റെ മണ്ണില്‍ തുരന്നുകയറിയ അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അവരുടെ ഹൃദയത്തിലും ആഴത്തില്‍ മുറിവേല്‍പിച്ചു. അതിന് പകരം വീട്ടാന്‍ ഇറാന് ശേഷിയുണ്ടോ എന്ന ചര്‍ച്ചകളാണ് ലോകമെങ്ങും. സ്ഥായിയായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അതിക്രമം എന്നാണ് ഇറാന്‍ ഭരണകൂടം അമേരിക്കയുടെ കടന്നാക്രമണത്തോട് പ്രതികരിച്ചത്. സൈനികമായി അമേരിക്കയോട് നീണ്ട യുദ്ധത്തിനുള്ള ശേഷി ഇറാനില്ല. ഇസ്രയേലിനെ ലക്ഷ്യമിട്ട് പകരം വീട്ടാന്‍ അവര്‍ ശ്രമിക്കുമെന്നും ഉറപ്പാണ്. പക്ഷേ അതിനപ്പുറം എന്ത്? അതിനുള്ള ഉത്തരമാണ് ഹോര്‍മൂസ്! ഹോര്‍മൂസ് അടച്ചിടുമെന്ന ഇറാന്‍റെ പ്രഖ്യാപനം ലോകത്തെ മുഴുവന്‍ മുള്‍മുനയിലാക്കി. എന്താണ് കാരണം?
ഹോര്‍മൂസ്
പശ്ചിമേഷ്യയുടെ ഭൂപടമെടുക്കാം. അതില്‍ ഇറാനെയും അറേബ്യന്‍ ഉപദ്വീപിനെയും വേര്‍തിരിക്കുന്ന ഒരു ചാല്‍ കാണാം. പരമാവധി 95 കിലോമീറ്റര്‍ വരെ വീതിയുള്ള കനാല്‍ പോലെ തോന്നിക്കുന്ന കടലിടുക്ക്. ഈ ചാലിന് ചുറ്റുമാണ് ലോകത്തെ ഏറ്റവും പ്രമുഖ എണ്ണ ഉല്‍പാദക രാജ്യങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, യുഎഇ, ഒമാന്‍, ഇറാന്‍ എന്നിവയെല്ലാം. ഈ രാജ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പെട്രോളിയവും പ്രകൃതിവാതകവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഈ ചാലിലൂടെയാണ്. ഇതിന്‍റെ മധ്യഭാഗത്തായി യുഎഇയ്ക്കും ഇറാനുമിടയില്‍ 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഒരു കടലിടുക്കുണ്ട്. അതാണ് ഹോര്‍മൂസ്. ലോകത്തിന്‍റെ ഊര്‍ജസുരക്ഷയുടെ ഹൃദയം!
തന്ത്രപ്രാധാന്യം
ഹോര്‍മൂസ് കടലിടുക്കിന്‍റെ ഒരുഭാഗം മുഴുവന്‍ ഇറാനാണ്. സ്വാഭാവികമായും അതിന്‍റെ നിയന്ത്രണവും അവര്‍ക്കാണ്.ഇവിടെ കപ്പല്‍ച്ചാലുകളുടെ വീതി വെറും മൂന്നുകിലോമീറ്റര്‍ മാത്രം. ഇത് അടച്ചാല്‍ ലോകത്തെ ഇന്ധനവിതരണം സ്തംഭിക്കും. ഒരുദിവസം ശരാശരി 2 കോടി ബാരല്‍ എണ്ണയാണ് ഹോര്‍മൂസ് കടലിടുക്ക് വഴി കപ്പലുകളില്‍ കൊണ്ടുപോകുന്നത്. ലോകത്ത് ആകെയുള്ള എണ്ണ വിതരണത്തിന്‍റെ നാലിലൊന്ന് വരും ഇത്. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ത്തന്നെ ഹോര്‍മൂസ് ശ്രദ്ധാകേന്ദ്രമായിരുന്നു. ആഗോളവിപണിയില്‍ എണ്ണവില മൂന്നുശതമാനം ഉയര്‍ന്നു. അമേരിക്ക കൂടി നേരിട്ട് യുദ്ധത്തില്‍ പങ്കുചേരുകയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്തതോടെ ഇറാന്‍ തുരുപ്പുചീട്ട് പുറത്തെടുക്കുമെന്ന് ഉറപ്പായി. അതുതന്നെ സംഭവിച്ചു. ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാന്‍ അവര്‍ തീരുമാനിച്ചു.
ഹോര്‍മൂസ് അടച്ചാല്‍?
അമേരിക്കയ്ക്ക് നേരിട്ട് നല്‍കാവുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രഹരം എന്ന നിലയിലാണ് ഇറാന്‍ ഹോര്‍മൂസിനെ കാണുന്നത്. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം തടഞ്ഞാല്‍ രാജ്യാന്തര എണ്ണവില കുതിച്ചുയരും. അമേരിക്കന്‍ വിപണിയില്‍ വലിയതോതില്‍ വിലക്കയറ്റമുണ്ടാകും. പക്ഷേ ഇത് അമേരിക്കയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ബാധിക്കും എന്നതാണ് ഇറാന് മുന്നിലുള്ള പ്രശ്നം. ഇറാനില്‍ നിന്നുള്ള എണ്ണനീക്കവും തടസപ്പെടും. മാത്രമല്ല എണ്ണനീക്കം തടഞ്ഞാല്‍ ഇപ്പോള്‍ ഇസ്രയേല്‍ ആക്രമണത്തെ ശക്തിയായി വിമര്‍ശിക്കുന്ന അറബ് രാജ്യങ്ങളും ഇറാനെതിരാകും. എങ്കിലും കൊടിയ വഞ്ചന എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാനുമുന്നില്‍ അധികം വഴികളില്ല.
മുന്‍കാല അനുഭവങ്ങള്‍
ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന ഭീഷണിയും അടച്ചിടല്‍ നീക്കവുമൊന്നും ആദ്യമല്ല. 1980 മുതല്‍ 88 വരെ നടന്ന ഇറാന്‍–ഇറാഖ് യുദ്ധകാലത്ത് ഹോര്‍മൂസ് വഴി പോയിരുന്ന ടാങ്കറുകളും ചരക്കുകപ്പലുകളും ഇരുരാജ്യങ്ങളും ആക്രമിച്ചിരുന്നു. അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാണ് അക്കാലത്ത് കുവൈത്തില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ ഇതുവഴി സഞ്ചരിച്ചത്. അന്നതിനെ ടാങ്കര്‍ യുദ്ധം എന്നുവരെ വിശേഷിപ്പിക്കപ്പെട്ടിരുന്നു.
2011–12 കാലത്ത് പാശ്ചാത്യരാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോധമേര്‍പ്പെടുത്തുകയും ബാങ്കിങ് ഉള്‍പ്പെടെ സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമാക്കുകയും ചെയ്തപ്പോഴും ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഭീഷണി ഉയര്‍ന്നിരുന്നു. 2019ല്‍ അമേരിക്ക ഇറാനുമായുള്ള സിവില്‍ ആണവ കരാറില്‍ നിന്ന് പിന്മാറിയപ്പോഴാണ് ഒടുവില്‍ ഹോര്‍മുസ് കപ്പല്‍ച്ചാലിനെ കരുവാക്കിയത്. കപ്പല്‍ച്ചാല്‍ അടച്ചിട്ട സമയത്ത് അതുവഴി പോകാന്‍ ശ്രമിച്ച ബ്രിട്ടീഷ് പതാകയുള്ള ഓയില്‍ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു. അമേരിക്കയുടെ ഒരു നിരീക്ഷണ ഡ്രോണ്‍ വെടിവച്ചിടുകയും ചെയ്തു.
ഹോര്‍മൂസ് കപ്പല്‍ച്ചാലിന്‍റെ സമ്പൂര്‍ണ അടച്ചിടല്‍ ഒരിക്കലും സംഭവിച്ചിട്ടില്ല. പക്ഷേ ഇസ്രയേല്‍–ഇറാന്‍ ഏറ്റുമുട്ടല്‍ തുടരുന്നിടത്തോളം എന്തും സംഭവിക്കാം. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുവഴി സഞ്ചരിച്ച ടാങ്കറുകളും ചരക്കുകപ്പലുകളും നിരന്തരമായ സിഗ്നല്‍ ജാമിങ് നേരിട്ടിരുന്നു. കപ്പലുകള്‍ കൂട്ടിയിടിക്കുന്നതിന് വരെ വഴിവയ്കുന്നതാണ് സിഗ്നല്‍ ജാമിങ്. നിപ്പോണ്‍ യുസെന്‍ ഉള്‍പ്പെടെയുള്ള വന്‍കിട ഷിപ്പിങ് കമ്പനികള്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിന്‍റെ വേഗം കുറഞ്ഞാല്‍പ്പോലും രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കും.
ബദല്‍ മാര്‍ഗങ്ങള്‍
ഹോര്‍മൂസ് കടലിടുക്കിന് ബദല്‍ പാതയില്ല എന്നതാണ് യാഥാര്‍ഥ്യം. എണ്ണനീക്കത്തിന് അനുയോജ്യമായ കടല്‍പ്പാതകള്‍ തീര്‍ത്തും പരിമിതമാണ്. യെമനിലെ ഹൂതികളുടെ ആക്രമണം ചെങ്കടല്‍ വഴിയുള്ള എണ്ണനീക്കത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്കിലെ മുന്‍കാല സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സംഘര്‍ഷം കുറഞ്ഞ തീരങ്ങളിലേക്ക് എണ്ണ പൈപ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സൗദിയിലെ ആരാംകോയുടെയും യുഎഇയിലെ എഡിസിഒപിയുടെയും ഇറാനിലെ ഗോരെ–യാസ്ക് പൈപ്പ്ലൈനുകളെല്ലാം എണ്ണ നീക്കത്തില്‍ നിര്‍ണായകപങ്കുവഹിക്കുന്നവയാണ്.
ഇന്ത്യയുടെ ആശങ്ക
ഇന്ത്യയുടെ ആകെ ക്രൂഡോയില്‍ ഇറക്കുമതിയുടെ 40 ശതമാനവും ഗള്‍ഫ്, പേര്‍ഷ്യന്‍ മേഖലയില്‍ നിന്നാണ്. ഇന്ത്യയില്‍ ഇന്ന് ദിവസേന ഉപയോഗിക്കുന്ന 55 ലക്ഷം ബാരല്‍ എണ്ണയില്‍ 15 ലക്ഷം ബാരലും വരുന്നത് ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്. ഈ മേഖലയിലെ സംഘര്‍ഷം തുടരുന്നത് ഇന്ത്യയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം മാത്രമല്ല, വലിയതോതിലുള്ള വിലക്കയറ്റത്തിനും ഇടയാക്കും. ഇത് കണക്കിലെടുത്ത് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഒപ്പം പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതും പരിഗണനയിലുണ്ട്. ഇറക്കുമതി മാത്രമല്ല പ്രശ്നം. പുറത്തുനിന്നുള്ള എണ്ണയുടെ വരവ് കുറഞ്ഞാല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണ ആഭ്യന്തര ഉപയോഗത്തിനായി എടുക്കേണ്ടിവരും. ഇത് കയറ്റുമതിയെയും വരുമാനത്തെയും ഗണ്യമായി ബാധിക്കും.
ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഹോര്‍മൂസ് ശരിക്കും മനുഷ്യന്‍റെ കഴുത്തുപോലെയാണ്. ശക്തിയായി ഞെരിച്ചാല്‍ ലോകം നിശ്ചലമാക്കാന്‍ പോന്ന സ്വാധീനമുള്ള ഒന്ന്. ഇറാന്‍ ആ കഴുത്തില്‍ എത്രത്തോളം മര്‍ദം പ്രയോഗിക്കും എന്നതനുസരിച്ചാകും ഇനിയുള്ള ദിവസങ്ങളില്‍ ആഗോള സമ്പദ്ഘടനയുടെയും അതിന്‍റെ ഭാഗമായ നമ്മുടെയും അവസ്ഥ. അറ്റകൈയ്ക്ക് ഇറാന്‍ മുതിര്‍ന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്കുള്‍പ്പെടെ രംഗത്തിറങ്ങേണ്ടിവരികയും ചെയ്യും.