israel-05

ഇറാന്‍ വെടിനിര്‍ത്തല്‍‌ ധാരണലംഘിച്ച് മിസൈലാ‍ക്രമണം നടത്തിയെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍. എല്ലാ നഗരങ്ങളിലും മുന്നറിയിപ്പ് നല്‍കിയെന്നും സൈറണ്‍ മുഴക്കിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി കാറ്റ്സ് പ്രതികരിച്ചു. ട്രംപിന്‍റെ വെടിനിര്‍‌ത്തല്‍ പ്രഖ്യാപനം ഇസ്രയേലും ഇറാനും അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ ആശങ്ക ഉടലെടുക്കുന്നത്. ഇസ്രയേല്‍ ആരോപണങ്ങളോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. Also Read: 'ഖമനയിയെ തള്ളിപ്പറയൂ;12 മണിക്കൂര്‍ തരാം; അല്ലെങ്കില്‍ മരണം'; ഇറാന്‍ ജനറലിനെ ഭീഷണിപ്പെടുത്തി ഇസ്രയേല്‍

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  ഇസ്രയേല്‍  ലക്ഷ്യം നേടിയെന്നും ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കുന്നെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ ഇറാന്‍ അംഗീകരിച്ചെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ  പ്രഖ്യാപനത്തിനുശേഷമുണ്ടായ ആക്രമണങ്ങളില്‍ ഇറാനില്‍ ഒന്‍പതുപേരും ഇസ്രയേലില്‍ നാലു പേരും കൊല്ലപ്പെട്ടു.

അമേരിക്കന്‍ ആക്രമണത്തിന്  ഇറാന്‍ ദോഹയില്‍ തിരിച്ചടിച്ചത് ലോകത്തെ ആശങ്കയിലാക്കിയതിന് പിന്നാലെയാണ്  ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം.  24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.  പിന്നാലെ വെടിനിര്‍ത്തല്‍ ധാരണ ആയിട്ടില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യമന്ത്രി രംഗത്തെത്തി. ഇസ്രയേലാണ് ആക്രമണം തുടങ്ങിയതെന്നും ഇസ്രയേലാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നുമായിരുന്നു അബ്ബാസ് അറഗ്‌ചിയുടെ നിലപാട്.  ഇതോടെ ട്രംപിന്റെ പ്രഖ്യാപനത്തില്‍ അവ്യക്തത ശക്തമായി. ആറുമണിക്കൂറിനുശേഷം പ്രസ് ടിവി ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകിരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തു.

പിന്നാലെ ഇസ്രയേല്‍ ലക്ഷ്യം നേടിയെന്നും വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നെന്നും   പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. ആണവഭീഷണി അവസാനിപ്പിക്കാന്‍ ഒപ്പംനിന്ന ട്രംപിന് നന്ദിയെന്നും  നെതന്യാഹു പറഞ്ഞു. ട്രംപിന്റെ ആദ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതും ആശയക്കുഴപ്പം ശക്തമാക്കി.  ഇസ്രയേലിനുനേരെ  നാലുഘട്ടമായി ഇറാന്‍ മിസൈലുകള്‍ പായിച്ചു. ഇതില്‍ ബെര്‍ഷെബയില്‍ മിസൈല്‍ പതിച്ച് നാലുപേര്‍ മരിച്ചു. ഒരു ഡസനോളം പേര്‍ക്ക് പരുക്കേറ്റു.  വ്യാപകനാശമുണ്ടായി. ഇസ്രയേല്‍ ഇറാനിലേക്ക് നടത്തിയ ആക്രമണത്തില്‍ ഗിലാനില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ആണവശാസ്ത്രജ്ഞനായ മുഹമ്മദ് റാസ സിദ്ദിഖിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

Israel claims Iran violated the ceasefire with a missile attack, issuing city-wide alerts. Defense Minister warns of strong retaliation. The situation escalates despite both nations agreeing to Trump’s ceasefire deal.