യുഎസ് സൈനിക നടപടിക്ക് ശേഷം എങ്ങനെയായിരിക്കും ഇറാന്‍റെ പ്രതികരണം. പരിമിതമായ പ്രതികരണമോ യുഎസ് കേന്ദ്രങ്ങളും ഇസ്രയേലും ലക്ഷ്യമിട്ടുള്ള സമ്പൂര്‍ണ യുദ്ധമോ ആണ് ഇറാന്‍ പദ്ധതിയിടുന്നത് എന്നാണ് നയതന്ത്ര വിദഗ്ധര്‍ പറയുന്നത്. ഇതിനൊപ്പം ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുന്നതാണ് ഇറാന്‍റെ മറ്റൊരു യുദ്ധ തന്ത്രം. യുഎസിനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ മധ്യേഷ്യയില്‍ സൈനികർ ഉൾപ്പെടെ പത്ത് യുഎസ് സൈനിക താവളങ്ങളാണ് ഇറാനിയൻ മിസൈലുകളുടെ പരിധിയിലുള്ളത്.
ഗള്‍ഫില്‍ അഞ്ച് എയര്‍ഫോഴ്സ് വിഭാഗങ്ങളാണ് യുഎസിനുള്ളത്. രണ്ടെണ്ണം കുവൈറ്റിലും സൗദി, യുഎഇ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും. ഈ കേന്ദ്രങ്ങളില്‍ എഫ്-15, എഫ്-16 യുദ്ധവിമാനങ്ങളാണുള്ളത്. ഖത്തർ ആസ്ഥാനമായുള്ള അഞ്ചാമത്തെ കേന്ദ്രത്തില്‍ ഇന്‍റലിജൻസ് എയർ റീഫ്യൂലിങ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ബഹ്‌റൈനിലാണ് യുഎസിന്‍റെ അഞ്ചാമത്തെ കപ്പൽപ്പടയുടെ ആസ്ഥാനം. യുഎസിന് രണ്ട് വിമാനവാഹിനിക്കപ്പലുകളും ഒമ്പത് ഡിസ്ട്രോയറുകളും ഡസൻ കണക്കിന് എയർഫോഴ്സ് ടാങ്കറുകളും ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലും നിലയുറപ്പിച്ചിരിക്കുന്ന സൈനികർ ഉൾപ്പെടെ ഇറാനിയൻ മിസൈലുകളുടെ പരിധിയിൽ പത്ത് യുഎസ് സൈനിക താവളങ്ങളുണ്ട്.
ഖത്തറിലെ അൽ ഉദെയ്ദ് എയർ ബേസാണ് മിഡില്‍ഈസ്റ്റിലെ യുഎസിലെ പ്രധാന സൈനിക താവളം. മറ്റൊന്ന് ഇറാഖിലെ അല്‍ അസദ് എയര്‍ ബേസാണ്. 2020 തില്‍ ക്വാഡ് ഫോഴ്സ് നേതാവ് ക്വാസിം സൊലൈമാനിയെ വധിച്ചതിന് പകരമായി ഇറാന്‍ ഈ കേന്ദ്രം ആക്രമിച്ചിട്ടുണ്ട്. ആയിരക്കണക്കിന് യുഎസ് സൈനികര്‍ ഈ കേന്ദ്രത്തിലുണ്ട്. ഇറാഖിലെ എർബിലിലുള്ള ഹാരിർ എയർ ബേസ് താവളം ഇറാൻ പ്രോക്‌സി ഗ്രൂപ്പുകളുടെ ആക്രമണം നേരിടുന്നുണ്ട്.
തെക്കന്‍ സിറിയയിലെ അല്‍ ടാനിഫ് ഗാറിസന്‍ ആണ് ഇറാന്‍ ലക്ഷ്യങ്ങളിലുള്ള മറ്റൊന്ന്. ഇറാഖ്– ജോര്‍ദാന്‍ ബോര്‍ഡറിനോട് ചേര്‍ന്നുള്ള സൈനിക താവളത്തില്‍ 2024 ജനുവരിയില്‍ ഇറാന്‍ പിന്തുണയുള്ള ഭീകരവാദികള്‍ ആക്രമണം നടത്തിയിരുന്നു. എല്ലാം ചേര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ ആകെ 40,000 യുഎസ് സൈനികര്‍ ഉണ്ടെന്നാണ് കണക്ക്.
ഇറാനെ ആക്രമിച്ചാല്‍ ചെങ്കടലില്‍ യുഎസ് കപ്പലുകള്‍ ആക്രമിക്കുമെന്ന് ഇറാന്‍ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി വിമതർ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനെതിരായ ആക്രമണത്തിന്‍റെ അനന്തരഫലങ്ങൾ യുഎസ് വഹിക്കണമെന്നും ആക്രമണങ്ങൾ യുദ്ധത്തിന്‍റെ അവസാനമല്ല, തുടക്കമാണെന്നുമാണ് ഹൂതിയുടെ പ്രതികരണം. ഗാസയില്‍ ഇസ്രയേലിന്‍റെ ആക്രമണം തുടങ്ങിയ ശേഷം ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നുണ്ട്. മേയില്‍ യുഎസുമായി ഹൂതികള്‍ വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നു.
യുഎസ് രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്‍ഗച്ചിയുടെ പ്രതികരണം. യുഎസ് ആക്രമണങ്ങള്‍ അതിരുകടന്നതും അനന്തരഫലങ്ങൾ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ പരമാധികാരവും താല്‍പര്യവും സംരക്ഷിക്കാന്‍ ഇറാന്‍ കരുതിവച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.