ഇറാനിലെ അമേരിക്കന്‍ ആക്രമണത്തോടെ ഗള്‍ഫ് രാജ്യങ്ങള്‍ അതീവജാഗ്രതയില്‍. ബഹ്റൈനില്‍ ആളുകള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍ ഒരുക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികതാവളങ്ങളാണ് ആശങ്കയ്ക്ക് മുഖ്യ അടിസ്ഥാനം.  ഇറാന്‍ പ്രത്യാക്രമണം യു.എസ് സൈനിക താവളങ്ങള്‍ക്കുനേരെയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.  ജനങ്ങള്‍ രാജ്യത്തെ പ്രധാനറോഡുകള്‍ ഉപയോഗിക്കുന്നതിന് ബഹ്റൈന്‍ നിയന്ത്രണമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരില്‍ എഴുപതുശതമാനത്തിന് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പെടുത്തി.   രാജ്യത്തെ പ്രധാന കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍ ഒരുക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

സൗദി അറേബ്യയും ജാഗ്രതാനിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ആക്രമണത്തോടെ ഉണ്ടായ സാഹചര്യം ആശങ്കാജനകമെന്ന് യു.എ.ഇ.  സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് മേഖലയെ അസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. ഇറാന്‍ ആക്രമണസാധ്യതയ്്ക്ക് പുറമെ ഇറാനില്‍ ആണവച്ചോര്‍ച്ചയ്ക്കുള്ള സാധ്യതയും ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമാണ്.

യു.എസ്. ആക്രമണത്തിന് പിന്നാലെപശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായി. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും പ്രത്യാഘാതങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം യു.എസിനാണെന്നും ഇറാൻ. ചർച്ചയ്ക്ക് തയ്യാറാണെങ്കിലും ഇത് നയതന്ത്രത്തിനുള്ള സമയമല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനും ഇറാൻ വിദേശകാര്യമന്ത്രിക്ക് പദ്ധതിയുണ്ട്. യു.എസ്. സൈനിക താവളങ്ങൾ അവരുടെ ശക്തിയല്ലെന്നും മറിച്ച് ദൗർബല്യമാണെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി.  

ഇറാനിലെ യു.എസ്. ആക്രമണം മേഖലയിൽ അസ്ഥിരതയ്ക്ക് ഇടയാക്കുമെന്ന ആശങ്ക യു.എ.ഇ. പ്രകടിപ്പിച്ചു. അതേസമയം, ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യയും ആശങ്ക അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിക്കുകയും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

ഇറാനെ ആക്രമിച്ച യു.എസ്. നടപടിക്കെതിരെ റഷ്യയും രംഗത്തെത്തി. ഇത് ഉത്തരവാദിത്തമില്ലാത്ത നടപടിയും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് റഷ്യ അപലപിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Following a US strike on Iran’s nuclear facilities, Gulf nations like Bahrain and Kuwait have taken precautionary measures. Bahrain has implemented work-from-home for most government employees, while Kuwait has instructed the setup of shelters in buildings. Iran, Russia, UAE, and India have all expressed serious concerns over the escalation and called for diplomatic resolution.