ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന് ചുട്ടമറുപടി നല്‍കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പ്രതിനിധി ഹുസൈൻ ശരിയത്മദാരി. യുഎസിനൊപ്പം സഖ്യകക്ഷികളെ കൂടി ബാധിക്കുന്ന തരത്തിലുള്ള തിരിച്ചടിക്കാണ് ഹുസൈന്‍റെ ആഹ്വാനം. പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളാണ് യുഎസ് ലക്ഷ്യമിട്ടത്.
പേര്‍ഷ്യന്‍ ഭാഷയില്‍ ടെഹ്റാനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കൈഹാന്‍ പത്രത്തിലാണ് ഹുസൈന്‍റെ പ്രതികരണം വന്നത്. കൈഹാന്‍റെ മാനേജിങ് എഡിറ്ററായ ഹുസൈന്‍, ഖമനയിയുടെ അടുത്ത അനുയായിയായാണ് അറിയപ്പെടുന്നത്. ബഹറൈനിലെ യുഎസ് നാവികസേനയുടെ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാനുമാണ് ഹുസൈന്‍ നിര്‍ദ്ദേശിക്കുന്നത്.
'ഇനി ഞങ്ങളുടെ സമയമാണ്, വൈകിക്കാതെ കാര്യങ്ങള്‍ ചെയ്യണം. ആദ്യം ബഹ‌്റൈനിലെ യുഎസ് കപ്പലുകള്‍ക്ക് നേകെ ആക്രമണം നടത്തണം. ഒപ്പം ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള യുഎസ്, ബ്രിട്ടീഷ്, ജര്‍മന്‍, ഫ്രഞ്ച് കപ്പലുകള്‍ തടയണം' എന്നാണ് ഹുസൈന്‍ പറഞ്ഞത്.
ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കാണ് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ എണ്ണ ഉൽപാദക രാജ്യങ്ങൾ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) കയറ്റുമതി ചെയ്യാനായി ഉപയോഗിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. രാജ്യാന്തര എനർജി ഏജൻസിയുടെ കണക്കു പ്രകാരം ലോകത്തെ 25 ശതമാനം എണ്ണ വിതരണം ഇതുവഴിയാണ്.
യുഎസിനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ മധ്യേഷ്യയില്‍ സൈനികർ ഉൾപ്പെടെ പത്ത് യുഎസ് സൈനിക താവളങ്ങളാണ് ഇറാനിയൻ മിസൈലുകളുടെ പരിധിയിലുള്ളത്. ഗള്‍ഫില്‍ അഞ്ച് എയര്‍ഫോഴ്സ് വിഭാഗങ്ങളാണ് യുഎസിനുള്ളത്. രണ്ടെണ്ണം കുവൈറ്റിലും സൗദി, യുഎഇ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും. ഈ കേന്ദ്രങ്ങളില്‍ എഫ്-15, എഫ്-16 യുദ്ധവിമാനങ്ങളാണുള്ളത്. ഖത്തർ ആസ്ഥാനമായുള്ള അഞ്ചാമത്തെ കേന്ദ്രത്തില്‍ ഇന്‍റലിജൻസ് എയർ റീഫ്യൂലിങ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
യുഎസ് രണ്ട് വിമാനവാഹിനിക്കപ്പലുകളും ഒന്‍പത് ഡിസ്ട്രോയറുകളും ഡസൻ കണക്കിന് എയർഫോഴ്സ് ടാങ്കറുകളും ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലും നിലയുറപ്പിച്ചിരിക്കുന്ന സൈനികർ ഉൾപ്പെടെ ഇറാനിയൻ മിസൈലുകളുടെ പരിധിയിൽ പത്ത് യുഎസ് സൈനിക താവളങ്ങളുണ്ട്.